Last Updated on 31 Oct 2026 • 11:23 AM by Openzone Online

Advertisement

ചെറുതോണി: മുൻ എംഎൽഎ റോഷി അഗസ്റ്റിൻ അനുവദിച്ച ഫണ്ടിൽ നിന്നുള്ള പദ്ധതികൾ വകമാറ്റിയെന്ന ആരോപണത്തെച്ചൊല്ലി വാഴത്തോപ്പ് പഞ്ചായത്തിൽ രാഷ്ട്രീയ വിവാദം. വിഷയത്തിൽ പ്രതിഷേധിച്ച് വനിതാ കലോത്സവത്തിൽ റോയി കെ. പൗലോസ് എംഎൽഎയോടൊപ്പം വേദി പങ്കിടാതെ ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങൾ.

അതേസമയം, ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ എംഎൽഎ തയ്യാറായില്ല. വിഷയത്തിൽ എല്ലാവർക്കും ഒന്നിച്ച് പിന്നീട് പ്രതികരണം നൽകാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിഴിവ് 2026 എന്ന പേരിൽ വാഴത്തോപ്പ് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിലാണ് വനിതാ കലോത്സവം സംഘടിപ്പിച്ചത്.

പരിപാടിയിലേക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിക്കാതെയാണ് റോയി കെ. പൗലോസിനെ ക്ഷണിച്ചതെന്നും ഇടതുപക്ഷ അംഗങ്ങൾ ആരോപിച്ചു. വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ റോയി കെ. പൗലോസ് പങ്കെടുക്കുന്ന വാഴത്തോപ്പ് പഞ്ചായത്ത് തലത്തിലുള്ള ഔദ്യോഗിക പരിപാടികൾ ബഹിഷ്കരിക്കുമെന്നും അംഗങ്ങൾ അറിയിച്ചു.

മുൻ എംഎൽഎ റോഷി അഗസ്റ്റിൻ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതികൾ ചില വ്യക്തികളുടെ താൽപര്യപ്രകാരം വകമാറ്റിയെന്നാണ് കേരള കോൺഗ്രസ് എം ഉയർത്തുന്ന ആരോപണം. വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലായി പദ്ധതികൾ മാറ്റിയെന്നാണ് നേരത്തെ ആരോപണം ഉയർന്നത്.

ഇതിന്റെ തുടർച്ചയായാണ് വനിതാ കലോത്സവത്തിൽനിന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങൾ വിട്ടുനിന്നത്. പഞ്ചായത്ത് അംഗങ്ങളായ പ്രഭാ തങ്കച്ചൻ, സിജി ചാക്കോ, അമ്മിണി ജോസ്, നൗഷാദ് ടി.ഇ., രാജു കല്ലറയ്ക്കൽ എന്നിവരാണ് പരിപാടി ബഹിഷ്കരിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed