Last Updated on 07 Nov 2026 • 2:44 PM by Openzone Online

Advertisement

ചെറുതോണി: മുൻ എം.എൽ.എ അനുവദിച്ച വികസന ഫണ്ടുകൾ രാഷ്ട്രീയ പ്രേരിതമായി ഇടുക്കി എം.എൽ.എ മാറ്റി ചെലവഴിക്കുന്നുവെന്ന മാണി ഗ്രൂപ്പ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാക്കൾ. ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നതിനും പ്രായോഗികമല്ലാത്ത പദ്ധതികൾ ഒഴിവാക്കുന്നതിനുമാണ് ഫണ്ടുകളിൽ മാറ്റം വരുത്തിയതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ എം.എൽ.എ പ്രഖ്യാപിച്ച പല പദ്ധതികൾക്കും ആവശ്യമായ ഫീസിബിലിറ്റിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ചിലത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ മറ്റു ചിലതിന് ആവശ്യമായ സ്ഥലസൗകര്യം പോലും ലഭ്യമല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വ്യക്തിഗത താൽപര്യങ്ങൾക്കും പ്രാദേശിക ശുപാർശകൾക്കും മുൻഗണന നൽകിയാണ് ചില പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചതെന്നും അവർ പറഞ്ഞു.വാഴത്തോപ്പ് പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ തകരപ്പള്ളിപ്പടി-നടുപ്പറമ്പിൽപ്പടി റോഡിനായിരുന്നു.

നിലവിൽ പരിമിതമായ ആളുകൾക്ക് മാത്രം പ്രയോജനപ്പെടുന്ന ഈ റോഡിന് പകരം കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മുസ്ലീംപള്ളിക്കവല-വാസുപ്പാറ റോഡിനാണ് തുക മാറ്റി അനുവദിച്ചത്. ഐ.എഫ്.ജി.ഐ ചർച്ച് റോഡിലെ സൈഡ് കെട്ടിനായി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പുളവനള്ള്-കൊക്കരക്കുളം റോഡിലേക്ക് മാറ്റിയതായും നേതാക്കൾ വിശദീകരിച്ചു.

മരിയാപുരം പഞ്ചായത്തിലെ ആലാംമ്പുഴ-പ്രിയദർശിനി റോഡിന് അനുവദിച്ച 35 ലക്ഷം രൂപയും വാഹനഗതാഗതം സാധ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് കുഴിവേലിപ്പടി-പ്രിയദർശിനി റോഡിലേക്ക് മാറ്റിയത്. ഇതിലൂടെ പ്രദേശത്തെ കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും അവർ വ്യക്തമാക്കി. ഉപ്പുതോട് ചർച്ച്-തകരമേട്-പള്ളിപ്പടി-ഇടശ്ശേരിക്കുന്നേൽപ്പടി റോഡിന്റെ ഫണ്ട് വകമാറ്റിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം, വികസന ഫണ്ട് സംബന്ധിച്ച് ആരോപണങ്ങളുമായി രംഗത്തെത്തിയവർ ഇടുക്കിയിലെ ലേസർ ഷോ പദ്ധതിയുടെയും ചെറുതോണിയിലെ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ സി.പി. സലിം, ജോബി തൈയിൽ, ആൻസി തോമസ്, ജിപ്സി ജോയി, സിബി തകരപ്പള്ളി, സെലിൻ വിൻസന്റ്, റിൻസി സിബി എന്നിവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed