Last Updated on 27 Oct 2026 • 8:45 AM by Openzone Online

Advertisement

കാസർകോട്: വഴിയിൽനിന്ന് ലഭിച്ച പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ നൽകാനായി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി കാട്ടിയത് മാതൃകാപരമായ സത്യസന്ധത. എന്നാൽ, ആ വിശ്വാസം സംരക്ഷിക്കേണ്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച അതേ ഫോൺ മോഷ്ടിച്ച് വിൽപ്പന നടത്തിയെന്ന ആരോപണം നേരിടുന്നത് ഒരു പൊലീസുകാരൻ.

സത്യസന്ധതയുടെ മാതൃകയായി ഒരു തൊഴിലാളി മാറിയപ്പോൾ, പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന ആരോപണത്തിൽ ചന്തേര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വൈ. ബൈജുവിനെതിരെ മോഷണക്കേസ്. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലാണ് സംഭവം. നീർച്ചാൽ സ്വദേശിയായ വൈ. ബൈജുവിനെതിരെയാണ് കേസെടുത്തത്. ഈ മാസം എട്ടിനാണ് സംഭവങ്ങളുടെ തുടക്കം.

സ്റ്റേഷന് സമീപം താമസിക്കുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് വഴിയിൽനിന്ന് റെഡ്മി മൊബൈൽ ഫോൺ ലഭിച്ചു. ഏകദേശം 10,000 രൂപ വിലവരുന്ന ഫോൺ സ്വന്തമാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെ അദ്ദേഹം നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന് കൈമാറി. രാമന്തളി സ്വദേശിനിയുടേതായിരുന്നു ഫോൺ. ഉടമയെ കണ്ടെത്തി തിരികെ നൽകുന്നതിനായി ഫോണിന്റെ വിവരങ്ങൾ പാറാവ് ബുക്കിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തു.

ഫോൺ തിരികെ വാങ്ങാൻ അടുത്ത ദിവസം എത്താമെന്ന് ഉടമ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം വീട്ടമ്മയുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് അത് കാണാനില്ലെന്ന കാര്യം പുറത്തറിയുന്നത്. സുരക്ഷിതമായി സൂക്ഷിക്കേണ്ട പൊലീസ് സ്റ്റേഷനിൽനിന്ന് ഫോൺ അപ്രത്യക്ഷമായതോടെ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമായി.

ഇതിനിടെ, പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശവും ശ്രദ്ധേയമായി. “ഫോൺ ആരെങ്കിലും അബദ്ധത്തിൽ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ തിരിച്ചുവെക്കണം” എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ, കാണാതായ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ ഈ സന്ദേശം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ അന്വേഷണത്തിന് വഴിയൊരുക്കി.

എസ്.ഐ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫോൺ ബദിയടുക്കയിലെ ഒരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഫോൺ ഒരു പൊലീസുകാരനിൽനിന്ന് വാങ്ങിയതാണെന്ന് മൊഴി നൽകിയതായാണ് വിവരം.

തുടർന്ന് നടത്തിയ അന്വേഷണമാണ് അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജുവിലേക്ക് എത്തിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മേശവലിപ്പിൽനിന്ന് ഫോൺ എടുക്കുന്നതും സിം കാർഡ് ഊരിമാറ്റുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.സംഭവത്തെക്കുറിച്ച് എസ്.ഐ ജില്ലാ പൊലീസ് മേധാവി നിധിൻരാജിന് റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച ബൈജുവിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു.വഴിയിൽനിന്ന് ലഭിച്ച ഫോൺ ഉടമയ്ക്ക് തിരികെ ലഭിക്കണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി ഒരു മാതൃക കാട്ടിയപ്പോൾ, ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട സംവിധാനത്തിനുള്ളിൽനിന്നുതന്നെ മോഷണം നടന്നെന്ന ആരോപണം ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ജനങ്ങളുടെ സ്വത്തും വിശ്വാസവും സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികൾ പൊലീസ് സേനയുടെ വിശ്വാസ്യതയെപ്പോലും ബാധിക്കുന്നതാണ്.

സത്യസന്ധതയ്ക്ക് അതിരുകളില്ലെന്ന് തെളിയിച്ച തൊഴിലാളിയും, അതേ സത്യസന്ധത കാത്തുസൂക്ഷിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഉയർന്ന മോഷണാരോപണവും — ചന്തേരയിലെ സംഭവം നൽകുന്ന സന്ദേശം ഇതാണ്. കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വാർത്ത സേനയ്ക്ക് വലിയ നാണക്കേടായിരുന്നു സമ്മാനിച്ചത്, ആ സംഭവം നടന്നു കാലങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസ് വീണ്ടും അപമാനം ആകുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *