Last Updated on 08 Oct 2026 • 3:59 AM by Openzone Online

Advertisement

അടിമാലി: കോൺഗ്രസും ബിജെപിയും രാജ്യത്ത് ഒരേ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുമ്പോൾ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സമിതി തീരുമാനിച്ചതിനെ തുടർന്നാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അടിമാലി മരങ്ങാട്ട് റസിഡൻസിയിൽ ചേർന്നത്.

യോഗത്തിൽ വിവിധ വിഷയങ്ങളിൽ നിരവധി പരാതികളും വിമർശനങ്ങളും ഉയർന്നു. പരാതികൾ പരിശോധിച്ചും വിമർശനങ്ങൾ ഉൾക്കൊണ്ടും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ചർച്ചകളിൽ തീരുമാനമായി. പ്രത്യേക ക്ഷണിതാക്കളായി ഏഴ് പേരെ കൂടി ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തു.

വൈകിട്ട് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് ശേഷമാണ് സമാപന സമ്മേളനം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, എം.എം. മണി, എം. സ്വരാജ് ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *