Last Updated on 10 Oct 2026 • 7:09 AM by Openzone Online

നെടുങ്കണ്ടം: ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ അതിർത്തി ഗ്രാമങ്ങളിലൂടെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നുകൊടുക്കാനുമുള്ള നീക്കത്തിനെതിരെ ബിജെപി നേതൃത്വത്തിൽ ഒക്ടോബർ 12ന് പൂപ്പാറയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും.
ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസാണ് ഇക്കാര്യം അറിയിച്ചത്. വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നയങ്ങളും നടപടികളും സർക്കാർ സ്വീകരിക്കാതെയാണ് ആനത്താരകൾ തുറന്നുകൊടുക്കാൻ നീക്കം നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് ജനങ്ങൾക്ക് വീണ്ടും ആനകളുടെ ആക്രമണം നേരിടേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് വി.സി. വർഗീസ് പറഞ്ഞു.കേന്ദ്രസർക്കാർ പുറത്തിറക്കിയ രേഖകളിൽ ഇതുവരെ പരാമർശിക്കാത്ത ആനത്താരകളുടെ പേരിൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്താനാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്നാട്–കേരള അതിർത്തിയിലൂടെയുള്ള ആനത്താര തുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് രാവിലെ ഒൻപതിന് ഉപവാസം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, ഡോ. രേണു സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്തോഷ് കുമാർ, കെ. കുമാർ, രതീഷ് വരകുമല, സജി വട്ടപ്പാറ, മണ്ഡലം പ്രസിഡന്റുമാരായ കെ.പി. അനീഷ്, ജയകൃഷ്ണൻ, സജിമോൻ തുടങ്ങിയവർ സംസാരിക്കും.

