Last Updated on 24 Sep 2026 • 2:42 PM by Openzone Online

Advertisement

ചെറുതോണി: വർഷങ്ങളായി കൈവശം വെച്ച് താമസിച്ചിരുന്ന മണ്ണിന് ഒടുവിൽ സ്വന്തം പേരിൽ അവകാശം. തുമ്പിപ്പാറക്കുടിയിലെ ശാലിനി അയ്യപ്പന്റെ 15 വർഷത്തെ കാത്തിരിപ്പിനാണ് പട്ടയം ലഭിച്ചതോടെ വിരാമമായത്.

28 വർഷമായി താമസിക്കുന്ന ഒന്നര ഏക്കർ ഭൂമിയുടെ പട്ടയത്തിനായി 15 വർഷം മുമ്പാണ് ശാലിനി അപേക്ഷ നൽകിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ചെറുതോണിയിൽ നടന്ന പട്ടയമേളയിൽ മന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയ നിമിഷം ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു.ഭർത്താവ് മല്ലയ്യൻ മരിച്ചതിന് ശേഷം മൂന്ന് മക്കളെയും വളർത്തി വിവാഹം കഴിപ്പിച്ചത് കൂലിപ്പണി ചെയ്താണ്.

ഇന്നും കൂലിപ്പണിയാണ് ശാലിനിയുടെ പ്രധാന ഉപജീവനമാർഗം. തുമ്പിപ്പാറക്കുടിയിൽ പട്ടയം ലഭിച്ച ഒൻപത് കുടുംബങ്ങളുടെയും ജീവിതകഥ സമാനമാണ്. വർഷങ്ങളായി ഭൂമി കൈവശം വെച്ച് താമസിച്ചിരുന്ന ഇവരെല്ലാം കൂലിപ്പണിക്കാരാണ്. തലമുറകളായി താമസിച്ച മണ്ണിന് നിയമപരമായ അവകാശം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങൾ.

“ഇത്രയും വർഷം കാത്തിരുന്ന ശേഷമാണ് പട്ടയം ലഭിക്കുന്നത്. ഇനി ഈ മണ്ണ് ഞങ്ങളുടേതാണെന്ന ഉറപ്പുണ്ട്. അതിൽ വലിയ സന്തോഷമുണ്ട്,” ശാലിനി പറഞ്ഞു.പട്ടയം ലഭിച്ചത് ഒരു രേഖ മാത്രമല്ല, വർഷങ്ങളായി തങ്ങൾ കാത്തുസൂക്ഷിച്ച മണ്ണിൽ ‘സ്വന്തം’ എന്ന അവകാശത്തിന്റെ ഔദ്യോഗിക അംഗീകാരമാണ് ഈ കുടുംബങ്ങൾക്ക്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed