Last Updated on 22 Sep 2026 • 12:30 PM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെ ജനങ്ങൾ നേരിടുന്ന ഇരുപതോളം പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ 25ന് ഇടുക്കി ജില്ല സന്ദർശിക്കുമെന്ന് എം.എൽ.എ റോയി കെ. പൗലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വി.ഡി. സതീശൻ ഇടുക്കിയിലെത്തുന്നത്.ജില്ലയിലെ വിവിധ വികസന, ജനകീയ വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന സർക്കാർ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. ഇടുക്കിയുടെ വികസനത്തിന് തടസ്സമായി നിൽക്കുന്ന വിവിധ നിയന്ത്രണങ്ങൾക്കും ദീർഘകാലമായി പരിഹാരം കാത്തുകിടക്കുന്ന ജനകീയ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനാണ് സന്ദർശനത്തിന് പ്രാധാന്യം നൽകുന്നതെന്ന് റോയി കെ. പൗലോസ് പറഞ്ഞു.
ഭൂപ്രശ്നങ്ങളും നിർമ്മാണ നിയന്ത്രണങ്ങളും പ്രധാന വിഷയങ്ങൾഇടുക്കിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ നിർമ്മാണ നിരോധനം, വിവിധ മേഖലകളിലെ നിർമ്മാണ നിയന്ത്രണങ്ങൾ, ഇതുമൂലം വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുണ്ടാകുന്ന തടസ്സങ്ങൾ എന്നിവ യോഗത്തിൽ പ്രധാനമായും ഉന്നയിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിഗണിക്കും.വർഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന പട്ടയ പ്രശ്നങ്ങൾ, ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിവിധ വിഭാഗങ്ങളിലുള്ള ഭൂമിയുടെ കൈമാറ്റവും ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എന്നിവയ്ക്കും പരിഹാരം തേടും.
വന്യമൃഗശല്യവും ജനജീവിതവുംജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യവും പ്രധാന വിഷയമായി ഉയരും. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിയും ജനജീവിതവും നേരിടുന്ന പ്രതിസന്ധി, കൃഷിനാശം, ജനങ്ങളുടെ സുരക്ഷ, വന്യജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിലും സർക്കാർ ഇടപെടൽ ആവശ്യപ്പെടും.
ഇടുക്കി മെഡിക്കൽ കോളേജും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുംഇടുക്കി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, ആവശ്യമായ ജീവനക്കാരുടെ ലഭ്യത, വിദഗ്ധ ചികിത്സാ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ ആവശ്യങ്ങളും ചർച്ചയാകും.
ഇതിനുപുറമെ റോഡുകൾ, ഗതാഗതം, കൃഷി, ജലസേചനം, വൈദ്യുതി, വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പ്, വ്യവസായ-വാണിജ്യ മേഖല നേരിടുന്ന നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പരിഗണിക്കുമെന്ന് റോയി കെ. പൗലോസ് അറിയിച്ചു. 24ന് റവന്യൂ മന്ത്രി; ആയിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്യുംഅതേസമയം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ 24ന് ഇടുക്കി ജില്ലയിൽ എത്തും.
ഏകദേശം 1,000 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് ഇതിന്റെ ഭാഗമായി നടക്കുക. പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് പട്ടയ വിതരണം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.25ന് ഉച്ചകഴിഞ്ഞ് കട്ടപ്പനയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പൗരസ്വീകരണവും നൽകും. കോൺഗ്രസ് നേതാക്കളായ എൻ. പുരുഷോത്തമൻ, അഡ്വ. അനീഷ് ജോർജ്ജ്, എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, അനിൽ ആനയ്ക്കനാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

