Last Updated on 09 Sep 2026 • 8:45 AM by Openzone Online

ചെറുതോണി:അടിമാലി കുമളി ദേശീയപാതയിൽ ചെറുതോണി മുതൽ കല്ലാർകുട്ടി വരെയുള്ള മേഖലയിൽ റോഡിന്റെ മുകൾഭാഗത്തെ മൺതിട്ടകളിൽ വളർന്നുനിൽക്കുന്ന വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയങ്ങളിൽ ഈ മേഖലയിലൂടെയുള്ള യാത്ര അപകടസാധ്യത നിറഞ്ഞതാകുകയാണ്.
മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീഴുകയും മരങ്ങൾ വേരോടെ റോഡിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തതിനെ തുടർന്ന് നിരവധി തവണ അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിട്ടും അപകടഭീഷണിയുയർത്തുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനോ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനോ ദേശീയപാത വിഭാഗം കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മൺതിട്ടകളിൽ ചെറിയ മരത്തൈകളായി വളർന്നുതുടങ്ങുന്ന മരങ്ങൾ വർഷങ്ങൾക്കുള്ളിൽ വൻവൃക്ഷങ്ങളായി മാറുകയാണ്. മണ്ണിന്റെ ഉറപ്പ് കുറവുള്ള പ്രദേശങ്ങളിൽ വളരുന്ന ഇത്തരം മരങ്ങൾ ശക്തമായ മഴയിലും കാറ്റിലും കടപുഴകാനുള്ള സാധ്യത കൂടുതലാണ്.
ചെറുതോണി ടൗണിനോട് ചേർന്ന് പാപ്പൻസ് ഹോട്ടൽ മുതൽ വെള്ളക്കയം വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടഭീഷണി ഉയർത്തുന്ന വൻമരങ്ങളുള്ളത്. റോഡിന്റെ മുകൾഭാഗത്തെ മൺതിട്ടകളിൽ നിൽക്കുന്ന മരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.
ഇവയിൽ പല മരങ്ങളും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് നിൽക്കുന്നതും. അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതയുള്ള മരങ്ങൾ മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

