Last Updated on 09 Sep 2026 • 1:01 AM by Openzone Online

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും പെരുമാറ്റവും പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് നടപടി ശക്തമാക്കുന്നു. കണ്ടക്ടർ, ക്ലീനർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.പാട്ടത്തിനെടുത്ത ബസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തും.
ഇനി ബസ് ജീവനക്കാർ ഐഡി കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമായും കൈവശം വയ്ക്കണം. യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും.നാല് ദിവസത്തിനകം കൊച്ചി നഗരത്തിൽ പ്രത്യേക സ്‌പെഷ്യൽ ഡ്രൈവ് ആരംഭിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
ബസ് സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ടെർമിനലുകളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും.അതേസമയം, സമയക്രമം പാലിക്കാനെന്ന പേരിൽ അമിത വേഗത്തിൽ ബസ് ഓടിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

