OpenZone Banner

Last Updated on 06 Sep 2026 • 5:19 AM by Openzone Online

Advertisement

മൂന്നാർ: തേയിലത്തോട്ടത്തിലെ സാധാരണ ജീവിതത്തിൽ നിന്ന് വൈദിക ശുശ്രൂഷയിലേക്ക് ഉയർന്ന് മൂന്നാറിലെ രണ്ട് വനിതകൾ. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചി മഹായിടവകയിൽ വൈദികരായി പട്ടം സ്വീകരിച്ച റവ. ഇന്ദിരാ അയ്യപ്പനും റവ. വിജയാ കറുപ്പുസ്വാമിയുമാണ് പുതിയ ചരിത്രം കുറിച്ചത്.

മൂന്നാർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വൈദിക ശുശ്രൂഷയിലേക്കുള്ള അഭിഷേകം.49കാരിയായ റവ. ഇന്ദിരാ അയ്യപ്പൻ മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് വളർന്നത്. മറയൂർ സി.എസ്.ഐ. സെന്റ് ജോൺസ് ചർച്ചിലെ അംഗമാണ്. 48കാരിയായ റവ. വിജയാ കറുപ്പുസ്വാമി വാഗവരൈയിലെ തേയിലത്തോട്ടത്തിലാണ് ജനിച്ചുവളർന്നത്. തോട്ടം തൊഴിലാളികളായിരുന്ന മാതാപിതാക്കൾക്കൊപ്പം എസ്റ്റേറ്റ് ലയത്തിലായിരുന്നു ജീവിതം.

വാഗവരൈ സി.എസ്.ഐ. ഹോളി ട്രിനിറ്റി ചർച്ചിലെ അംഗവുമാണ്.വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഇരുവരും ബാച്ചിലർ ഓഫ് ഡിവിനിറ്റി (ബി.ഡി.) ബിരുദം നേടി.

തുടർന്ന് രണ്ടര വർഷത്തോളം മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളിൽ ഡീക്കന്മാരായി സേവനമനുഷ്ഠിച്ച ശേഷമാണ് വൈദികരായി പട്ടം സ്വീകരിച്ചത്.തേയിലത്തോട്ട തൊഴിലാളി കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് വൈദിക പദവിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. പൗരോഹിത്യത്തിലേക്കുള്ള ഉയർച്ച ഞങ്ങൾക്ക് യഥാർഥ ശാക്തീകരണമാണ് എന്നാണ് റവ. ഇന്ദിരയും റവ. വിജയയും പറയുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed