Last Updated on 01 Sep 2026 • 2:43 PM by Openzone Online

ചെറുതോണി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഇടുക്കി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിബിൻ ടി.ബിയെയും സംസ്ഥാന പോലീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ.യെയും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് പ്രശംസാപത്രം നൽകി അഭിനന്ദിച്ചു.
ഇന്ന് ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു അഭിനന്ദനം. തടിയമ്പാടാണ് എസ്.ഐ ബിബിൻ ടി.ബിയുടെ ഇടപെടൽ ശ്രദ്ധേയമായത്. കുടുംബപ്രശ്നത്തെ തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും മകളെയും ആക്രമിച്ചതിനെ തുടർന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഇയാൾ ഭയന്ന് വീട്ടിനുള്ളിൽ കയറി ഫാനിൽ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഈ സമയത്ത് ബിബിൻ ടി.ബി നടത്തിയ ഇടപെടലാണ് നിർണായകമായത്. “വർഗീസ് ചേട്ടാ, നിങ്ങളുടെ മകനാണെന്ന് കരുതി ഞാൻ പറയുന്നത് കേൾക്കണം. കഴുത്തിലെ കുരുക്കഴിച്ച് താഴേക്ക് ഇറങ്ങിവരൂ” എന്ന് സ്നേഹപൂർവം പറഞ്ഞ് ഇയാളെ ആശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഗൃഹനാഥൻ കുരുക്കഴിച്ച് താഴെയിറങ്ങുകയും ജീവൻ രക്ഷിക്കാനാകുകയും ചെയ്തു.

ബിബിൻ ടി.ബിയുടെ ഇടപെടൽ പോലീസ് സേനയ്ക്ക് തന്നെ അഭിമാനകരമായ പ്രവർത്തനമാണെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് പോലീസിന്റെ ഇടപെടലിനൊപ്പം മാനുഷിക സമീപനത്തിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 47-ാമത് സംസ്ഥാന പോലീസ് കായികമേളയോടനുബന്ധിച്ച് പാലക്കാട് നടന്ന സംസ്ഥാന പോലീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ജില്ലാ ആസ്ഥാന ക്യാമ്പിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ. അഭിനന്ദനം ഏറ്റുവാങ്ങിയത്. മെൻസ് സിംഗിൾസ് 45+ വിഭാഗത്തിലും മെൻസ് സിംഗിൾസ് 50+ വിഭാഗത്തിലും ബിജു കെ. സ്വർണമെഡൽ നേടി.പോലീസ് സേവനത്തിലെ മാതൃകാപരമായ ഇടപെടലിനും കായികരംഗത്തെ മികച്ച നേട്ടത്തിനുമാണ് ഇരുവർക്കും ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി ആദരിച്ചത്.

