Last Updated on 28 Aug 2026 • 11:52 AM by Openzone Online

ചെറുതോണി: ഓണം ടൂറിസം വാരാഘോഷമായ ഓണോത്സവ് 2026 വരും ദിവസങ്ങളിൽ അത്യുജ്ജ്വലമായ പരിപാടികളോടെ ജില്ലാ ആസ്ഥാന മേഖലയിലെ ചെറുതോണിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 21ന് ആരംഭിച്ച വാരാഘോഷം ചെറുതോണി, മണിയാറൻകുടി, കരിമ്പൻ, ഇടുക്കി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വടംവലി, ക്രിക്കറ്റ്, വോളിബോൾ, പൂക്കളം, കൈകൊട്ടിക്കളി തുടങ്ങിയ നിരവധി മത്സരങ്ങൾക്ക് വേദിയായി. ഗാനമേള, ഡാൻസ്, മന്നാൻ കൂത്ത് പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

നാളെ രാവിലെ 11ന് പൈനാവിൽ അഡ്വഞ്ചർ ടൂറിസം സെമിനാറും വൈകിട്ട് ആറിന് വിശ്വദർശന നൃത്തകലാലയം തങ്കമണിയുടെ നേതൃത്വത്തിലുള്ള ഡാൻസ് പ്രോഗ്രാമും നടക്കും.
30ന് പകൽ രണ്ടിന് ചെറുതോണിയിൽ തടിച്ചുമട് മത്സരവും വൈകിട്ട് ആറിന് വിമൽ ഇടുക്കി നയിക്കുന്ന മാജിക് ബാൻഡ് മാജിക് ഷോയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
ഈ മാസം 31ന് ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനത്തിന്റെ ഭാഗമായി ചെറുതോണിയിൽ വർണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. തുടർന്ന് ഇടുക്കി എംഎൽഎയും സംഘാടകസമിതി ചെയർമാനുമായ റോയി കെ പൗലോസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ എം.പി. ഡീൻ കുര്യാക്കോസ്, എംഎൽഎമാർ, ജില്ലാ കളക്ടർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന കൊച്ചിൻ ഗോൾഡൻ ബീറ്റ്സിന്റെ ഗാനമേളയും ചെറുതോണിയിൽ അരങ്ങേറും.
വാർത്താസമ്മേളനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, എഡിഎം മിനി കെ. ജോൺ, സംഘാടകസമിതി ഭാരവാഹികളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, അനിൽ ആനക്കനാട്ട്, ബിജു നിള, ഷോബി ജയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

