Last Updated on 21 Aug 2026 • 3:15 PM by Openzone Online

ചെറുതോണി: ഇടുക്കി ആർച്ച് ഡാമും ചെറുതോണി അണക്കെട്ടും സന്ദർശകർക്കായി വർഷം മുഴുവൻ തുറന്നുനൽകണമെന്ന ആവശ്യം നടപ്പാക്കാൻ വൈകിയാൽ സമരവുമായി രംഗത്തിറങ്ങുമെന്ന് എസ്എൻഡിപി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഇടുക്കിയുമായി പൊക്കിൾ കൂടി ബന്ധമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രഖ്യാപിച്ചിരുന്നു. മറ്റു ജനപ്രതിനിധികൾ എല്ലാം വർഷം മുഴുവനും ഡാം തുറക്കുന്ന കാര്യങ്ങൾ സംസാരിച്ചിരുന്നതായും ഇടുക്കിയിലെ ടൂറിസം സാധ്യതകൾക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെറുതോണി ഇടുക്കി അണക്കെട്ടുകൾ തുറന്ന് സന്ദർശകർക്ക് നൽകുക എന്നത് ഇടുക്കിയുടെ ആവശ്യമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതിനായി സർക്കാരിന് 100 ദിവസം സമയം അനുവദിക്കുമെന്നും, നടപടി ഉണ്ടായില്ലെങ്കിൽ 101-ാം ദിവസം സമരം ആരംഭിക്കുമെന്നും പി. രാജൻ പറഞ്ഞു. ഇത് ഇടുക്കിയിലെ ജനങ്ങളുടെ പൊതുവായ ആവശ്യമാണെന്നും രാഷ്ട്രീയ–ജാതി–മത വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ എംഎൽഎ റോയി കെ. പൗലോസ് മുൻകൈയെടുക്കണമെന്നും പി. രാജൻ ആവശ്യപ്പെട്ടു. എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോയി കെ. പൗലോസ്, മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പി. രാജന്റെ പ്രഖ്യാപനം. ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കി ആർച്ച് ഡാമും ചെറുതോണി അണക്കെട്ടും വർഷം മുഴുവൻ സന്ദർശകർക്കായി തുറന്നുനൽകണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷവും പ്രഖ്യാപനം പ്രാവർത്തികമാകാത്ത സ്ഥിതിയാണ്.
ഓണാവധിയോടനുബന്ധിച്ച് അണക്കെട്ടുകൾ തുറക്കുമെന്ന് ഏകദേശം പത്ത് ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക സർക്കാർ ഉത്തരവ് ഇന്നലെ ഏറെ വൈകിയാണ് പുറത്തിറങ്ങിയത്. ഇതുമൂലം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചെറുതോണി അണക്കെട്ട് സന്ദർശകർക്ക് തുറന്നു നൽകുന്ന വിവരം ഏറെ വൈകിയാണ് പോസ്റ്റ് ചെയ്തത്.
അതേസമയം, വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പി. രാജന്റെ പരാമർശങ്ങളെ ഗൗരവത്തോടെ കാണാതെ ചിരിച്ചുതള്ളിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇടുക്കിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും പി. രാജൻ വ്യക്തമാക്കി.ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് പി. രാജൻ.
