OpenZone Banner

Last Updated on 27 Aug 2026 • 2:54 AM by Openzone Online

Advertisement

കാലിഫോർണിയ: കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അമിതമായി ആകർഷിക്കുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തെന്ന ആരോപണത്തിൽ ടെക് ഭീമൻ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ കേസിൽ ഏകദേശം 17 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒത്തുതീർപ്പിനാണ് കമ്പനി തത്വത്തിൽ സമ്മതിച്ചിരിക്കുന്നത്.

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും രൂപകൽപ്പന ചെയ്തതായും, പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ ഉപയോക്താക്കളെ പിടിച്ചുനിർത്തുന്ന സംവിധാനങ്ങൾ കമ്പനി ഉപയോഗിച്ചെന്നുമായിരുന്നു സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന ആരോപണവും കേസിൽ ഉയർന്നിരുന്നു.കാലിഫോർണിയയിലെ ഓക്ലാൻഡിലുള്ള ഫെഡറൽ കോടതിയിലായിരുന്നു കേസിന്റെ നടപടികൾ പുരോഗമിച്ചത്.

29 യു.എസ്. സംസ്ഥാനങ്ങൾ സംയുക്തമായാണ് മെറ്റയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. വിചാരണയ്ക്കിടെ പുറത്തുവന്ന ചില വിവരങ്ങളും മുൻ ജീവനക്കാരുടെ മൊഴികളും കേസിൽ നിർണായകമായി. ഒത്തുതീർപ്പിന്റെ ഭാഗമായി കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരും. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ദിവസേന ആപ്പുകൾ ഉപയോഗിക്കുന്ന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും രാത്രി വൈകിയുള്ള ഉപയോഗം തടയുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്യും.

രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെയുള്ള സമയത്ത് കൗമാരക്കാർക്ക് ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന നൈറ്റ് മോഡും ഇതിന്റെ ഭാഗമായി വരും. പ്രത്യേക സാഹചര്യങ്ങളിൽ രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കൂ. പഠനസമയത്തും രാത്രികാലത്തും കുട്ടികൾക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനും മെറ്റ സമ്മതിച്ചിട്ടുണ്ട്.

കൗമാരക്കാർ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെ ലൈക്കുകളുടെയും റിയാക്ഷനുകളുടെയും എണ്ണം മറ്റുള്ളവർക്ക് കാണാനാകാത്ത തരത്തിൽ മാറ്റം വരുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. കുട്ടികളിൽ ശരീരത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ വളർത്താൻ സാധ്യതയുള്ള സൗന്ദര്യവർധക ശസ്ത്രക്രിയാ രീതികളെ പ്രോത്സാഹിപ്പിക്കുന്ന ഇമേജ് ഫിൽട്ടറുകൾക്കും നിയന്ത്രണം വരും.

അതേസമയം, അൽഗോരിതം നിർദേശിക്കുന്ന വീഡിയോകൾക്കും പോസ്റ്റുകൾക്കും പകരം ഉപയോക്താവിന് സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്ന സാധാരണ ഫീഡ് ഉപയോഗിക്കാനുള്ള സൗകര്യവും കുട്ടികൾക്ക് നൽകും. മെറ്റ വരുത്തുന്ന മാറ്റങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെയും നിയമിക്കും.

അതുവഴി കമ്പനി പ്രഖ്യാപിച്ച സുരക്ഷാ നടപടികൾ പ്രായോഗികമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കേസിലെ പ്രധാന വഴിത്തിരിവുകളിലൊന്നായത് മെറ്റയുടെ മുൻ സുരക്ഷാ എൻജിനീയർ അർതുറോ ബെജാറിന്റെ സാക്ഷിമൊഴിയായിരുന്നു. കൗമാരക്കാരെ ബാധിക്കുന്ന ബുള്ളിയിങ്, ആത്മഹത്യ, അക്രമം തുടങ്ങിയ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ കമ്പനിക്കുള്ളിൽ തന്നെ അറിയാമായിരുന്നുവെന്നും, ഇതുസംബന്ധിച്ച വിവരങ്ങൾ കമ്പനി വേണ്ടത്ര പുറത്തുവിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഇൻസ്റ്റാഗ്രാം മേധാവി ആദം മോസേരിയും കോടതിയിൽ മൊഴി നൽകിയിരുന്നു. ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ നിർദേശിക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ സംവിധാനമുണ്ടെങ്കിലും ഭൂരിഭാഗം കുട്ടികളും അത് ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും മോസേരി കോടതിയിൽ വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്വവും സംബന്ധിച്ചുള്ള അമേരിക്കയിലെ നിയമപോരാട്ടത്തിൽ നിർണായകമായ സംഭവമായാണ് ഈ ഒത്തുതീർപ്പ് വിലയിരുത്തപ്പെടുന്നത്. യു ട്യൂബ്, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ മറ്റ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെയും സമാനമായ ആരോപണങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമനടപടികൾ തുടരുകയാണ്.

ഫെഡറൽ ജഡ്ജി വൈവോൺ ഗോൺസാലസ് റോജേഴ്സ് ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ ഒത്തുതീർപ്പ് കരാർ പ്രാബല്യത്തിൽ വരും. നഷ്ടപരിഹാര തുക വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നൽകാനാണ് ധാരണ.കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ ടെക് കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്വം ഏർപ്പെടുത്താനുള്ള വലിയ നീക്കമായാണ് നടപടിയെ കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട വിശേഷിപ്പിച്ചത്. വരും മാസങ്ങളിൽ തന്നെ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed