OpenZone Banner

Last Updated on 24 Aug 2026 • 4:21 PM by Openzone Online

Advertisement

ചെറുതോണി: ഉത്രാടപ്പാച്ചിലിന് തുടക്കമായതോടെ ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ തേടിയുള്ള തിരക്കിലാണ് നാടും നഗരവും. എന്നാൽ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മിതമായ നിരക്കിൽ ആവശ്യമായ പച്ചക്കറികൾ ലഭ്യമാക്കി ചെറുതോണിയിൽ വ്യത്യസ്തമായ മാതൃകയാകുകയാണ് ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത.

ചെറുതോണി–അടിമാലി റോഡിൽ റിലയൻസ് ഇൻഷുറൻസ് സ്ഥാപനത്തിന് മുന്നിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. രാവിലെ ആരംഭിച്ച ചന്തയിൽ രാത്രി വൈകിയും പച്ചക്കറി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഓണത്തോടനുബന്ധിച്ച് പച്ചക്കറികളുടെ ആവശ്യകത വർധിച്ചതിനൊപ്പം സംസ്ഥാനത്ത് മഴ ശക്തമായതും വിപണിയെ ബാധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പരിമിതമായതോടെ സവാള ഉൾപ്പെടെയുള്ള അവശ്യ പച്ചക്കറികളുടെ വിലയും ഉയരുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനുള്ള സാധ്യതയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.മഴയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇതോടെയാണ് ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ നേരിട്ട് എത്തി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിച്ച് ചെറുതോണിയിൽ എത്തിച്ച് വിൽക്കാൻ യുവാക്കൾ തീരുമാനിച്ചത്. മുൻകാലങ്ങളിൽ വിവിധ സഹകരണ സംഘങ്ങളും സംഘടനകളും കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഓണച്ചന്തകളും വിപണികളും ഒരുക്കിയിരുന്നു.

എന്നാൽ ഇത്തവണ ഇത്തരം സംരംഭങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് സ്വന്തം നിലയിൽ ഇത്തരമൊരു ഓണച്ചന്ത ആരംഭിക്കാൻ തീരുമാനിച്ചതെന്ന് യുവാക്കൾ പറയുന്നു.ഉത്രാടദിനത്തിലെ തിരക്കിനിടയിലും സാധാരണക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ മിതമായ നിരക്കിൽ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികൾ തേടി പല കടകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി, ഒരിടത്ത് തന്നെ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതാണ് ചന്തയുടെ പ്രത്യേകത.വിലക്കയറ്റത്തിന്റെയും പച്ചക്കറി ക്ഷാമത്തിന്റെയും കാലത്ത്, നാട്ടുകാർക്ക് ആശ്വാസമാകുന്ന ഈ യുവാക്കളുടെ സംരംഭം ഇത്തവണത്തെ ഓണവിപണിയിൽ വേറിട്ട മാതൃകയാവുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed