Last Updated on 24 Aug 2026 • 4:55 AM by Openzone Online

കൊച്ചി: വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും പ്രത്യേകം 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗവും പോലീസും നടപടി ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയ വാഹനത്തിൽ ആറ് അധിക ലൈറ്റുകൾ ഉൾപ്പെടെ നിയമാനുസൃതമല്ലാത്ത മാറ്റങ്ങൾ കണ്ടെത്തിയിട്ടും ആകെ 5,000 രൂപ മാത്രം പിഴ ഈടാക്കിയ സംഭവമാണ് ഹൈക്കോടതിയുടെ പരിഗണനയിൽ പ്രധാനമായും വന്നത്. ഓരോ അനധികൃത മാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് സർക്കാർ തലത്തിൽ ഇളവുകൾ പരിഗണിക്കുമെന്ന പ്രഖ്യാപനങ്ങളും ചർച്ചകളും ഉണ്ടായതോടെ വാഹന ഉടമകൾക്കിടയിൽ നിയമപരമായ മാറ്റങ്ങൾക്ക് അനുമതി ലഭിക്കുമെന്ന ഒരു പ്രതീക്ഷ രൂപപ്പെട്ടിരുന്നു.

മുഖ്യമന്ത്രി വി. ഡി. സതീശനും സുരക്ഷിതമായ ചില വാഹനമാറ്റങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് 18 തരത്തിലുള്ള മാറ്റങ്ങൾ സംബന്ധിച്ച പട്ടികയും മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ ഇതിന്റെ അർത്ഥം എല്ലാ തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കും അനുമതി ലഭിച്ചു എന്നല്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ പുതിയ ഇടപെടൽ. അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, വിവിധ തരത്തിലുള്ള സ്ട്രോബ്-മൾട്ടി കളർ ലൈറ്റുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ തുടങ്ങിയ റോഡ് സുരക്ഷയെ ബാധിക്കുന്ന മാറ്റങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇത്തരം മാറ്റങ്ങൾ മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ സമാനമായ ഉപകരണങ്ങൾ ചില വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന വാദം ഉയരുന്നുണ്ടെങ്കിലും, അത് കേരളത്തിലെ നിലവിലുള്ള നിയമങ്ങളിൽ നിന്ന് സ്വതന്ത്രമായ അനുമതി നൽകുന്നില്ല.

ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മാറ്റം നിയമാനുസൃതമാണോ എന്നത് നിലവിലുള്ള കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങൾ അനുസരിച്ചാണ് തീരുമാനിക്കേണ്ടത്. അതേസമയം, വാഹനപ്രേമികൾക്കിടയിൽ മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വാഹന കസ്റ്റമൈസേഷനും അപകടസാധ്യത സൃഷ്ടിക്കുന്ന അനധികൃത മാറ്റങ്ങളും ഒരേ രീതിയിൽ കാണാതെ, വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടതല്ലേയെന്നാണ് അവരുടെ ചോദ്യം.
നിയമം പാലിക്കുന്ന വാഹന ഉടമകൾക്ക് വ്യക്തത നൽകുകയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാറ്റങ്ങൾ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ നയം വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാർ സമർപ്പിക്കാനിരിക്കുകയാണ്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും
