OpenZone Banner

Last Updated on 18 Aug 2026 • 11:26 AM by Openzone Online

Advertisement

ചെറുതോണി : സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച ‘കാല്‍വരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ഹൈറേഞ്ചില്‍നിന്ന് കഠിനാധ്വാനത്തിലൂടെ പരാധീനതകളോടുപടവെട്ടി ചരിത്രംകുറിച്ച ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് പുതിയ വീടിന് തറക്കല്ലിടുകയുംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനംചെയ്തത്. എം എം മണി തറക്കല്ലിട്ടുകയുംചെയ്തു.
രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയേയും കുടുംബത്തെയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു.
കാല്‍വരിമൗണ്ട് കൂട്ടക്കല്ല്- കാമാക്ഷി റോഡരികില്‍ നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. പരാധീനതകള്‍ക്കും ദുരിതകാലത്തിനും എന്നന്നേയ്ക്കുമായി വിടനല്‍കി, സിപിഐ എമ്മിന്റെ കരുതലില്‍ ദേവപ്രിയയും കുടുംബവും പുതിയ സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ ഒരുങ്ങുകയാണ്.

പിണറായി വിജയന്‍ 21ന് താക്കോല്‍ കൈമാറും

21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ താക്കോല്‍ കൈമാറും. നേതാക്കളായ കെ കെ ജയചന്ദ്രന്‍, എം എം മണി, സി വി വര്‍ഗീസ്, കെ പി മേരി, റോമിയോ സെബാസ്റ്റ്യന്‍, എം ജെ മാത്യു, പി ബി സബീഷ് എന്നിവര്‍ സംസാരിക്കും.

ഫര്‍ണിച്ചറുകള്‍ നല്‍കി ഡിവൈഎഫ്‌ഐയും
ജനാധിപത്യ മഹിള അസോസിയേഷനും

ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി നിര്‍മിച്ച വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കി ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റികള്‍. ചൊവ്വാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, പ്രസിഡന്റ് ബി അനൂപ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ്, ഏരിയ സെക്രട്ടറി മോളിക്കുട്ടി ജെയിംസ് എന്നിവര്‍ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ കൈമാറി. വീട്ടിലേക്ക് ആവശ്യമായ കട്ടിലുകള്‍, കിടക്കകള്‍, സെറ്റി, ഡൈനിങ് ടേബിള്‍, കസേരകള്‍ തുടങ്ങിയവ നല്‍കി.

വേഗറാണി

കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ തിരുവനന്തപുരത്ത് നടന്ന കായികമേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിലാണ് 38 വര്‍ഷം പഴക്കമുള്ള റെക്കോഡ് ദേവപ്രിയ ഷൈബു തിരുത്തിക്കുറിച്ചത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ ബിന്ദു മാത്യു 1987ല്‍ കുറിച്ച 12.70 സെക്കന്‍ഡാണ്, ദേവപ്രിയ 12.69 സെക്കന്‍ഡില്‍ പഴങ്കഥഥയാക്കിയത്. കൂടാതെ 200 മീറ്ററില്‍ വെങ്കലവും സബ് ജൂനിയര്‍ 4- 100 റിലേയില്‍ സ്വര്‍ണവും നേടിയിരുന്നു. തുടര്‍ന്ന് ദേശീയ കായികമേളയില്‍ 100 മീറ്ററില്‍ വെങ്കലവും 4- 100 റിലേയില്‍ സ്വര്‍ണവും കരസ്ഥമാക്കിയിരുന്നു. ദേവപ്രിയയെയും സഹോദരി ദേവനന്ദയെയും കായികതാരങ്ങളാക്കിയത് കാല്‍വരിമൗണ്ട് കാല്‍വരി എച്ച് എസിലെ കായികാധ്യാപകന്‍ ടിബിന്‍ ജോസഫാണ്. കാല്‍വരിമൗണ്ട് പാലത്തുംതലയ്ക്കല്‍ ഷൈബുവിന്റെയും ബിസ്മിയുടെയും മക്കളാണ് ഇരുവരും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed