Last Updated on 17 Aug 2026 • 12:49 PM by Openzone Online

ചെറുതോണി: കർഷക ദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ച് കർഷകദിനാഘോഷം സംഘടിപ്പിച്ചു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.വിവിധ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ എം.എൽ.എ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഏലം കർഷകർക്ക് മാത്രമാണ് ഇപ്പോൾ എന്തെങ്കിലും നേട്ടം ഉള്ളൂ. കുടയത്തൂർ അറക്കുളം പഞ്ചായത്തുകൾ ഒഴിച്ച് തൻറെ നിയോജകമണ്ഡലത്തിലേക്ക് എല്ലാ പഞ്ചായത്തുകളിലും ഇപ്പോൾ ഏലം കൃഷി വ്യാപകമായിരിക്കുകയാണ്. അറക്കുളം പഞ്ചായത്തിന്റെ ഹിൽ ഏരിയകളിൽ ഏലകൃഷി ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം ഓർമിപ്പിച്ചു. കർഷകർക്ക് അർഹമായ പ്രതിഫലം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, ആവശ്യമായ സഹായം സർക്കാരിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോയി കെ. പൗലോസ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ കർഷകദിന സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായി കൊക്കോ കൃഷിയുടെ അവലോകനവുമായി ബന്ധപ്പെട്ട സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു നിള, വിജി കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭാ തങ്കച്ചൻ, റിൻസി സിബി ,സിജി ചാക്കോ, അമ്മിണി ജോസ്, സിബി മത്തായി, ജോസഫ് സി എ , പൊതുപ്രവർത്തകരായ അനിൽ ആനയ്ക്കനാടൻ, സി.പി. സലിം, കൃഷി ഓഫീസർ ശ്രുതി കെ., സെക്രട്ടറി യേശുദാസി എസ്. മേരി എന്നിവർ സംസാരിച്ചു.

