Last Updated on 03 Aug 2026 • 5:39 AM by Openzone Online

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണിക്ക് പിന്നാലെ രണ്ടാം വാർഡിലെ കീരിത്തോട്ടിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. കീരിത്തോട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 14 കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളും മലമുകളിൽ നിന്ന് ഭീമൻ പാറക്കല്ലുകൾ ഉരുണ്ടിറങ്ങി ജനവാസ മേഖലയിലേക്ക് പതിക്കുന്ന സംഭവങ്ങളും പ്രദേശത്ത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
കീരിത്തോട്–പകുതിപ്പാലം മേഖലകളിലാണ് അപകടഭീഷണി ഏറ്റവും രൂക്ഷമായിരിക്കുന്നത്. രാത്രികാലങ്ങളിൽ മലമുകളിൽ നിന്ന് കല്ലുകൾ ഉരുണ്ടു വീഴുന്നത് പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്. മഴ കുറഞ്ഞാൽ ക്യാമ്പ് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കഴിഞ്ഞ രാത്രി മുതൽ മഴ വീണ്ടും ശക്തമായ സാഹചര്യത്തിൽ ക്യാമ്പ് തുടരാൻ തീരുമാനിച്ചതായി വാർഡ് മെമ്പർ അറിയിച്ചു.
ഉരുണ്ടുവരുന്ന പാറക്കല്ലുകളാണ് ഇപ്പോൾ ജനവാസ മേഖലയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സുരക്ഷിതമായി ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അധികൃതർ സ്ഥിരമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
മഴ വീണ്ടും ശക്തമായതോടെ അപകടസാധ്യതയും വർധിച്ചിരിക്കുകയാണ്. നിലവിൽ ക്യാമ്പിൽ കഴിയുന്നവർക്കു പുറമെ, ഭീഷണി നേരിടുന്ന കൂടുതൽ കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുരന്തനിവാരണ വിഭാഗവും പഞ്ചായത്ത് അധികൃതരും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്

