Last Updated on 01 Aug 2026 • 8:19 AM by Openzone Online

ചെറുതോണി :കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനാലോളം കുടുംബങ്ങൾ ദുരിതത്തിലായി. 2018-ലെ പ്രളയത്തിന് ശേഷം തടിയമ്പാട് പാലം പുനർനിർമിച്ചതോടെയാണ് മുസ്ലിം പള്ളിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എല്ലാ മഴക്കാലവും ദുരിതവും ആശങ്കയും പതിവായത്.
പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയോടെ വെള്ളം കയറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഭാഗികമായി മുങ്ങി.പുലർച്ചെ അഞ്ചുമണിയോടെയാണ് വീട്ടുകാർ വെള്ളം കയറിയ വിവരം അറിയുന്നത്. തുടർന്ന് വാഹനങ്ങൾ വടത്തിൽ കെട്ടി മറ്റ് വാഹനങ്ങളുടെ സഹായത്തോടെ വലിച്ചുകയറ്റിയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.
എല്ലാ മഴക്കാലവും ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്നും ശാശ്വത പരിഹാരമായി പെരിയാറിന്റെ തീരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

തടിയമ്പാട്–ചെറുതോണി റോഡിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലും ഇതിനോടകം മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയസാധ്യതയുള്ള മേഖലകളിൽ ആവശ്യമായവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വാർഡ് മെമ്പർ റിൻസി സിബി അറിയിച്ചു.
ദുരിതബാധിത മേഖലകളിൽ രാത്രികാലത്ത് വെളിച്ചം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. 2018-ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച പഞ്ചായങ്ങളിലൊന്നായ വാഴത്തോപ്പിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതോടെ അധികൃതർ ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാക്കിയിരിക്കുകയാണ്.

