Last Updated on 01 Aug 2026 • 6:11 AM by Openzone Online

ചെറുതോണി : കീരിത്തോടിനും പകുതിപാലത്തിനും ഇടയിലുള്ള അടിമാലി–കുമളി ദേശീയപാതയ്ക്ക് മുകളിലെ മലഞ്ചെരിവിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ലുകൾ ചെറുമരങ്ങളുടെ ശിഖരങ്ങളിൽ തങ്ങിനിൽക്കുന്നത് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും ജീവനു വരെ ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ മരങ്ങളുടെ താഴ്ഭാഗത്തുകൂടിയാണ് ദേശീയപാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പല സ്ഥലങ്ങളിലും മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിൽ മരങ്ങളിൽ തങ്ങിനിൽക്കുന്ന കൂറ്റൻ പാറകൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വലിയ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഉപയോഗിച്ച് ഈ പാറകൾ സുരക്ഷിതമായി നീക്കം ചെയ്താൽ മാത്രമേ ഇതുവഴിയുള്ള യാത്ര പൂർണമായും സുരക്ഷിതമാകൂ എന്നാണ് അധികൃതരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.

രണ്ടു ദിവസം മുൻപ് ഇതേ മേഖലയിൽ മലമുകളിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറകൾ ദേശീയപാതയിലേക്ക് പതിച്ചിരുന്നെങ്കിലും സംഭവം രാത്രിയിലായതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിലായി രാത്രികാലങ്ങളിലാണ് ഇവിടെ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും രൂക്ഷമാകുന്നത്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ദേശീയപാത അതോറിറ്റിയും ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറും അടിയന്തരമായി ഇടപെട്ട് അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
