Last Updated on 13 Jul 2026 • 5:47 AM by Openzone Online

ചെറുതോണി :മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ സൂനീർ എ.എസിന്റെ വീടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേൾക്കുന്നത്. സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആദ്യം ശ്രദ്ധിച്ച ഈ ശബ്ദം ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു.
14 വർഷം മുൻപാണ് പുതുതായി ഈ വീട് ഇവിടെ നിർമ്മിച്ചത്. അതിനുമുമ്പും ഈ കുടുംബം ഇവിടെ തന്നെയായിരുന്നു താമസിക്കുന്നത്. ഏഴ് വർഷം മുമ്പാണ് വീടിന് മുൻവശത്ത് കൂടി ഉള്ള ചെട്ടുമാട്ടേൽ കവല റോഡ് നവീകരിച്ച് നിർമിച്ചത്.
ശബ്ദം കേട്ട ഭാഗത്ത് കമ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭൂമിക്കടിയിൽ ജലസാന്നിധ്യമുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. പിന്നീട് ടോർച്ചിന്റെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ വെള്ളം ഒഴുകുന്നതായി കാണാൻ കഴിഞ്ഞെങ്കിലും, അത് എവിടേക്കാണ് ഒഴുകിപ്പോകുന്നതെന്ന് വ്യക്തമല്ല. വിഷയത്തിൽ അടിയന്തരമായി ജിയോളജി വകുപ്പ് ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് വാഴ്ത്തോപ്പ് മണ്ഡലം പ്രസിഡണ്ട് സിപി സലിം ആവശ്യപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് സ്ഥിതിഗതികൾ വിലയിരുത്തുകയും ജിയോളജി വകുപ്പിനും റവന്യൂ വകുപ്പിനും വിവരം കൈമാറുകയും ചെയ്തു.
2018-ലെ മഹാപ്രളയ സമയത്ത് കേരളത്തിൽ വ്യാപകമായി ചർച്ചയായ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണോ ഇതെന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകി മണ്ണ് ഒലിച്ചുപോകുന്നതിനും കെട്ടിടങ്ങളുടെ അടിത്തറ ദുർബലമാകുന്നതിനും കാരണമാകുന്ന പ്രതിഭാസമാണിത്. എന്നാൽ, നിലവിൽ ഇത് സോയിൽ പൈപ്പിംഗ് തന്നെയാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ.
വിദഗ്ധ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഭൂമിക്കടിയിലെ ജലപ്രവാഹത്തിന്റെ സ്വഭാവവും പ്രദേശത്തിന് ഭീഷണിയുണ്ടോയെന്നും വ്യക്തമാകൂ.

