Last Updated on 07 Jul 2026 • 2:38 AM by Openzone Online

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നതിനിടെ, കളിക്കാൻ പോലും ഇടമില്ലാതെ കുട്ടികളും യുവാക്കളും ദുരിതത്തിൽ. ഒരുകാലത്ത് പ്രദേശത്തെ കായികപ്രേമികളുടെ പ്രധാന ആശ്രയമായിരുന്ന സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം ഇന്ന് കാടുമൂടി ഉപയോഗശൂന്യമായിരിക്കുകയാണ്. ഗ്രൗണ്ടിന്റെ വിസ്തീർണം ഗണ്യമായി കുറഞ്ഞതോടെ സീനിയർ താരങ്ങൾ പരിശീലനത്തിനെത്തുമ്പോൾ സ്ഥലപരിമിതി മൂലം കൊച്ചുകുട്ടികൾക്ക് കളിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പലപ്പോഴും കുട്ടികൾ ഈ സമയങ്ങളിൽ ഗ്രൗണ്ടിന് പുറത്തേക്ക് മാറിനിൽക്കേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു.

മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ഇവിടെ ആധുനിക ടർഫ് കോർട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ ശേഷവും വിഷയത്തിൽ ഡിവിഷൻ മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഭൂമിയാംകുളം ടൂറിസം കേന്ദ്രം കൂടിയായിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രദേശം അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാട് മൂടിയ ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിധ്യം വർധിച്ചതോടെ കുട്ടികളുടെ സുരക്ഷയും ആശങ്കയിലായി. കളിക്കിടെ പന്ത് കാട്ടിലേക്ക് തെറിച്ചുപോകുമ്പോൾ അത് എടുക്കാൻ പോകുന്ന കുട്ടികൾക്ക് വലിയ അപകടസാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗം കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഓപ്പറേഷൻ തൂഫാൻ പോലുള്ള ബോധവത്കരണ പരിപാടികൾ നടത്തുകയും, യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കണമെന്ന് എക്സൈസ്, പൊലീസ് വകുപ്പുകൾ ഉൾപ്പെടെ സ്കൂളുകളിൽ പ്രചാരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഴത്തോപ്പിലെ കുട്ടികൾക്ക് കളിക്കാൻ പോലും സൗകര്യമില്ലാത്തത്.

ലഹരിക്കെതിരായ പോരാട്ടത്തിൽ കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് സർക്കാർ തന്നെ പറയുമ്പോൾ, കളിസ്ഥലം സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്.
എല്ലാ പ്രായക്കാരായ കായികതാരങ്ങൾക്കും ഒരേസമയം പരിശീലനവും മത്സരങ്ങളും നടത്താൻ കഴിയുന്ന വിധത്തിൽ സ്റ്റേഡിയം വികസിപ്പിക്കണമെന്നും, കാടുവെട്ടി ഗ്രൗണ്ടിന്റെ പഴയ വിസ്തീർണം പുനഃസ്ഥാപിക്കണമെന്നും, ടർഫ് പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും നാട്ടുകാരും കായികതാരങ്ങളും ആവശ്യപ്പെട്ടു. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, റോയി കെ. പൗലോസ് എം.എൽ.എ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കായികതാരങ്ങൾ ആവശ്യപ്പെടുന്നു.
