OpenZone Banner

Last Updated on 05 Jul 2026 • 5:56 AM by Openzone Online

Advertisement

ചെറുതോണി :മഴമേഘങ്ങൾ തഴുകിയിറങ്ങുന്ന മലനിരകളും, കോടമഞ്ഞ് വിരിക്കുന്ന കാഴ്ചകളും, തണുത്ത കാറ്റും ചാറ്റൽമഴയും ചേർന്ന് ഇടുക്കിയിലെ കുയിലിമല വ്യൂ പോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുകയാണ്. മഴക്കാലത്തിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് പൈനാവിന് സമീപമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നത്.

കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന കുയിലിമല വ്യൂ പോയിന്റ്, ജനങ്ങളുടെ നിരന്തര ആവശ്യങ്ങളും സമരങ്ങളും പരിഗണിച്ചാണ് വനം വകുപ്പ് വീണ്ടും തുറന്നുനൽകിയത്. ടിക്കറ്റ് കൗണ്ടറും സന്ദർശകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഇപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കുയിലിമലയുടെ മുകളിൽ നിന്ന് നോക്കുമ്പോൾ 360 ഡിഗ്രി കാഴ്ചയിൽ മൂന്നാർ മലനിരകളും, ഇടുക്കി ജലാശയവും, പച്ചപുതച്ച വനപ്രദേശങ്ങളും മനോഹരമായി ദൃശ്യമാകും. ആദ്യകാല കുടിയേറ്റ ചരിത്രത്തിന് സാക്ഷിയായ വാഴത്തോപ്പും, കത്തിയേറ്ററിലെ ദേവാലയങ്ങളും ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഇവിടെ നിന്ന് വ്യക്തമായി കാണാനാകും.

മഴ ശക്തമായതോടെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലെ വെള്ളച്ചാട്ടങ്ങളും പുൽമേടുകളും വനഭംഗിയും കൂടുതൽ സജീവമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൊടൈക്കനാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ യാത്രയിലെ പ്രധാന ഇടത്താവളമായി കുയിലിമലയും മാറിക്കഴിഞ്ഞു. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുയിലിമല വ്യൂ പോയിന്റ് ഇന്ന് ഒഴിവാക്കാനാകാത്ത ലക്ഷ്യസ്ഥാനമാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed