Last Updated on 24 Jun 2026 • 3:55 PM by Openzone Online

മൂവാറ്റുപുഴ ജില്ല രൂപീകരണം സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ പുതിയതല്ല. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ കേരളത്തിൽ ഇനി ഒരു പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കും , എന്ന പ്രസ്താവന നടത്തിയതോടെയാണ് വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ ഗൗരവമായി ഉയർന്നത്. പിന്നീട് കാസർഗോഡ് ജില്ല രൂപീകരിക്കപ്പെട്ടെങ്കിലും മൂവാറ്റുപുഴ ജില്ല എന്ന ആശയം ഫയലുകളിൽ നിന്നും രാഷ്ട്രീയ വാഗ്ദാനങ്ങളിൽ നിന്നും ഒരിക്കലും അപ്രത്യക്ഷമായില്ല.
നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ആവശ്യത്തിന് പിന്നിൽ വെറും ഒരു പുതിയ ജില്ലാ ആസ്ഥാനം സൃഷ്ടിക്കുക എന്ന ലക്ഷ്യമല്ല ഉണ്ടായിരുന്നത്. മധ്യകേരളത്തിന്റെ ഭരണ പുനഃസംഘടന, മലയോര മേഖലകളുടെ വികസനം, ജനങ്ങൾക്ക് കൂടുതൽ സമീപത്ത് ഭരണസേവനങ്ങൾ എത്തിക്കുക തുടങ്ങിയ ആശയങ്ങളായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നും ഈ ചർച്ച ഉയരുമ്പോൾ ഏറ്റവും ശക്തമായ എതിർപ്പ് ഉയരുന്നത് തൊടുപുഴ കേന്ദ്രീകരിച്ചാണ്.
തൊടുപുഴ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകരുതെന്ന് ചില രാഷ്ട്രീയ നേതാക്കൾ ശക്തമായി വാദിക്കുന്നു. എന്നാൽ ഈ എതിർപ്പിന് പിന്നിൽ ഇടുക്കി ജില്ലയിലെ സമഗ്ര വികസനമാണോ, അതോ തൊടുപുഴ കേന്ദ്രീകരിച്ച രാഷ്ട്രീയ-ഭരണ സ്വാധീനം നിലനിർത്താനുള്ള താൽപര്യമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലെ പേരിലുള്ള പല പ്രധാന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് തൊടുപുഴയിലാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം, വ്യാപാരരംഗം, സർക്കാർ സേവനങ്ങൾ, ബാങ്കിംഗ് മേഖല തുടങ്ങി മിക്ക അടിസ്ഥാന സൗകര്യങ്ങളും തൊടുപുഴയെ ചുറ്റിപ്പറ്റിയാണ് വളർന്നത്. ഇതോടെ ജില്ലയിലെ യഥാർത്ഥ മലയോര മേഖലകൾ പലതും വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നുവെന്ന വിമർശനം നിലനിൽക്കുന്നു.
ഇടുക്കി ജില്ലയുടെ വിഭവങ്ങളും സാധ്യതകളും ഉപയോഗിച്ച് ഏറ്റവും കൂടുതൽ വളർന്ന നഗരമാണ് തൊടുപുഴ. എന്നാൽ അതേ സമയം ദേവികുളം, ഉടുമ്പൻചോല, പീരുമേട് ഉൾപ്പെടെയുള്ള മേഖലകൾ ഇന്നും അടിസ്ഥാന സൗകര്യ വികസനത്തിനും ഭരണസേവനങ്ങളുടെ വ്യാപനത്തിനുമായി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇടുക്കിയുടെ നീരുറ്റി വളരുന്നത് തൊടുപുഴയാണ് എന്ന വിമർശനം മലയോര മേഖലയിൽ നിന്ന് ഉയരുന്നു.
തൊടുപുഴ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകുന്ന സാഹചര്യം ഉണ്ടായാൽ ഇടുക്കി ജില്ല പൂർണമായും മലയോര ജില്ല എന്ന സ്വഭാവത്തിലേക്ക് മാറും. അത്തരം ഒരു ജില്ലയ്ക്ക് പ്രത്യേക മലയോര വികസന പാക്കേജുകൾ, ടൂറിസം കേന്ദ്രീകൃത പദ്ധതികൾ, കാർഷിക അടിസ്ഥാന സൗകര്യ വികസനം, ആദിവാസി മേഖലയിലെ നിക്ഷേപങ്ങൾ എന്നിവ നേടാനുള്ള സാധ്യത വർധിക്കുമെന്നാണ് അനുകൂലികളുടെ വാദം. ഇന്ന് തൊടുപുഴയിലേക്ക് കേന്ദ്രീകരിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഭാവിയിൽ പൈനാവ്, നെടുങ്കണ്ടം, അടിമാലി തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്യും.
അതേസമയം, മറ്റൊരു പ്രധാന ചോദ്യവും ഉയരുന്നുണ്ട്. പഴയ നിർദേശങ്ങളിൽ ദേവികുളം താലൂക്കും പുതിയ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകുമെന്ന ആശയം ചർച്ച ചെയ്യപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം മേഖലയിലെ സാധാരണ ജനങ്ങൾ ജില്ലാ ആസ്ഥാനത്തെത്താൻ നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. ഭരണസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകൾ രൂപീകരിക്കപ്പെടേണ്ടത്. അതിനാൽ ദേവികുളം പോലുള്ള മേഖലകളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ജനങ്ങളുടെ സൗകര്യവും ഭൂമിശാസ്ത്ര യാഥാർഥ്യങ്ങളും ഗൗരവമായി പരിഗണിക്കപ്പെടണം.
എന്നാൽ ഈ ചർച്ചയുടെ കേന്ദ്രബിന്ദു മറ്റൊന്നാണ്. തൊടുപുഴ ഇടുക്കിയിൽ തുടരണോ, മൂവാറ്റുപുഴ ജില്ലയിലേക്ക് മാറണോ എന്നത് ഒരു പ്രദേശത്തിന്റെ മാത്രം വിഷയമല്ല. അത് മലയോര ഇടുക്കിയുടെ ഭാവി വികസനത്തിന്റെ ചോദ്യമാണ്. ജില്ലാ രൂപീകരണത്തെ രാഷ്ട്രീയ അതിർത്തികളുടെ പ്രശ്നമായി മാത്രം കാണാതെ, പതിറ്റാണ്ടുകളായി വികസനത്തിനായി കാത്തിരിക്കുന്ന മലയോര മേഖലകളുടെ ഭാവി ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമോ എന്നത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഈ ചർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: തൊടുപുഴയുടെ വളർച്ചയ്ക്ക് അപ്പുറം, ഇടുക്കിയുടെ ബാക്കി മലയോര മേഖലകളുടെ വളർച്ചയെക്കുറിച്ച് ആരാണ് സംസാരിക്കുന്നത്?
