OpenZone Banner

Last Updated on 12 May 2026 • 2:31 AM by Openzone Online

Advertisement

അച്ചടക്കത്തേക്കാൾ വലുതല്ല ഇമേജ് രാഷ്ട്രീയം, കേരള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒടുവില്‍ എത്തിനില്‍ക്കുന്നത് ഒരു വ്യക്തിയുടെ ആഗ്രഹത്തിന്റെയോ ഗ്രൂപ്പുകളുടെ ശക്തിപ്രകടനത്തിന്റെയോ മുന്നിലല്ല, പാര്‍ട്ടി അച്ചടക്കത്തിന്റെ ചോദ്യത്തിനുമുന്നിലാണ്. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍ അതിന് ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ തന്നെ പരസ്യമായി അധിക്ഷേപിക്കുകയും, തെരുവ് പ്രകടനങ്ങളിലൂടെ സമ്മര്‍ദ്ദ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന അവസ്ഥയെ ഹൈക്കമാന്‍ഡ് കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തത് യാദൃശ്ചികമല്ല. വി.ഡി. സതീശനെ ചുറ്റിപ്പറ്റി അടുത്തകാലത്തായി രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ശൈലി, ഒരു ജനാധിപത്യ പാര്‍ട്ടിയുടെ ആഭ്യന്തര ചര്‍ച്ചകളേക്കാള്‍ ഇമേജ് നിര്‍മ്മാണ രാഷ്ട്രീയത്തോട് ചേര്‍ന്നതാണ്.

യഥാര്‍ത്ഥ രാഷ്ട്രീയ ശക്തിയേക്കാള്‍ പൊതു ധാരണ സൃഷ്ടിക്കലാണ് ഇവിടെ പ്രധാന ആയുധമാക്കപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിപ്പിക്കുന്ന നറേറ്റീവ് പിന്നീട് വലിയൊരു വിഭാഗം ആളുകള്‍ സത്യമായി ഏറ്റെടുക്കുന്ന കാലഘട്ടമാണിത്. ആ മനഃശാസ്ത്രം വളരെ നന്നായി ഉപയോഗിക്കുന്ന രീതിയാണ് സതീശന്‍ അനുകൂല ക്യാമ്പുകള്‍ പിന്തുടരുന്നത്. ഒരു വാക്ക്, ഒരു മുദ്രാവാക്യം, ഒരു ആരോപണം ആദ്യം ശക്തമായി പ്രചരിപ്പിക്കുക. പിന്നെ അതേ വാക്കുകള്‍ ചെറിയ വ്യത്യാസങ്ങളോടെ ആവര്‍ത്തിച്ച് പൊതുബോധമാക്കി മാറ്റുക. വര്‍ഷങ്ങളായി തുടരുന്ന ഈ ശൈലി ഇപ്പോള്‍ കൂടുതല്‍ സംഘടിതമായ രൂപത്തിലാണ് കാണുന്നത്.

സതീശനായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രത്യേക സൈബര്‍ വിങ് ഉണ്ടെന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ശക്തമാകുന്നതും അതുകൊണ്ടുതന്നെ. ചില ഓണ്‍ലൈന്‍ പേജുകളും പ്രൊഫൈലുകളും ഒരേ സമയത്ത് ഒരേ സന്ദേശം പ്രചരിപ്പിക്കുന്ന രീതി സ്വാഭാവിക രാഷ്ട്രീയ പിന്തുണയെക്കാള്‍ ക്രമബദ്ധമായ ക്യാമ്പയിന്റെ ലക്ഷണങ്ങളാണ് നല്‍കുന്നത്.

ഇതിലും ഗുരുതരമായ കാര്യം, മത സംഘടനകളെയും പുറത്തുള്ള കൂട്ടായ്മകളെയും ഉള്‍പ്പെടുത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ആഭ്യന്തര നേതൃത്വ തീരുമാനത്തില്‍ പുറത്തുള്ള സംഘടനകളുടെ മുദ്രാവാക്യ രാഷ്ട്രീയം കടന്നുവരുന്നത് അപകടകരമായ പ്രവണതയാണ്. കോണ്‍ഗ്രസ് പോലൊരു മതനിരപേക്ഷ പാര്‍ട്ടിക്ക് അത് വലിയ പ്രതിച്ഛായാ നഷ്ടം ഇത് സൃഷ്ടിക്കും. എംഎസ്എഫ് പ്രവര്‍ത്തകരുടെ സാന്നിധ്യം (മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടന സതീശനെ അനുകൂലിച്ച് നടത്തിയ മുദ്രാവാക്യം വിളികൾ) ചുറ്റിപ്പറ്റിയുണ്ടായ വിവാദം അതുകൊണ്ടാണ് ഇത്രയും ഗൗരവത്തോടെ വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്. പിണറായി വിജയന്‍റെ ഭരണകാലത്ത് സംസ്ഥാനം കണ്ട അനേകം വിവാദങ്ങളും ഭരണപരാജയങ്ങളും ജനങ്ങള്‍ക്കുമുന്നിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടി, കെ-റെയില്‍, വന്യജീവി ആക്രമണങ്ങള്‍, വിലക്കയറ്റം വിഷയങ്ങള്‍ കുറവായിരുന്നില്ല. പക്ഷേ, ആ ജനവികാരം ശക്തമായ സമരങ്ങളാക്കി മാറ്റുന്നതില്‍ പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് എത്രത്തോളം വിജയിക്കാനായി? നിയമസഭയിലെ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളും ഒഴികെ ജനകീയ സമരമുഖം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. അന്ന് ജനങ്ങള്‍ക്കുവേണ്ടി തെരുവില്‍ ശക്തമായി പോരാടാന്‍ സാധിക്കാത്തവര്‍, ഇന്ന് സ്വന്തം കസേരയ്ക്കായി തെരുവ് രാഷ്ട്രീയം കത്തിക്കുകയാണെന്ന തോന്നല്‍ സാധാരണ പ്രവര്‍ത്തകരില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ കാണുന്ന ചില പ്രകടനങ്ങള്‍ രാഷ്ട്രീയ പക്വതയേക്കാള്‍ പേക്കൂത്ത്, എന്ന വിലയിരുത്തലിലേക്ക് എത്തുന്നത്.

ഒരു പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളോ മുദ്രാവാക്യങ്ങളോ അല്ല. പ്രവര്‍ത്തകരുടെ വിശ്വാസം, സംഘടനയുടെ അച്ചടക്കം, ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ രാഷ്ട്രീയ പോരാട്ടം — ഇവയാണ് യഥാര്‍ത്ഥ മാനദണ്ഡങ്ങള്‍. അതാണ് ഡല്‍ഹിയില്‍നിന്ന് വന്ന ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശവും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed