OpenZone Banner

Last Updated on 23 Jun 2026 • 6:08 AM by Openzone Online

Advertisement

ചെറുതോണി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പതിവായി റോഡിലേക്ക് ഒഴുകുന്നത് പ്രദേശത്ത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നമായി മാറിയിരിക്കുകയാണ്. തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടത്തിൽ നിന്നുള്ള മലിനജലമാണ് റോഡിന് കുറുകെ ഒഴുകി വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ദുരിതമുണ്ടാക്കുന്നത്.

അസഹനീയമായ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ആഴ്ചകളായി തുടരുന്ന പ്രശ്നം മൂലം സമീപ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.

പരാതിയെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് കെട്ടിട ഉടമ സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്തെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. കെട്ടിടത്തിന് അടിയിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് ശക്തമായ ഉറവയുള്ളതിനാലാണ് മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകുന്നതെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം. സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിൽ മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നത് ഗുരുതര ആരോഗ്യ ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി മറ്റൊരു വലിയ കുഴി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് രാത്രിയോടെ ആരംഭിക്കുമെന്ന് കെട്ടിട ഉടമ അറിയിച്ചു.അതേസമയം, ക്ലോറിനേഷൻ ഉൾപ്പെടെയുള്ള അടിയന്തര പ്രതിരോധ നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് ഇടപെടണമെന്നും വ്യാപാരികളും തൊഴിലാളികളും ആവശ്യപ്പെട്ടു.

ടൗണിന്റെ പ്രധാന ഭാഗത്ത് പോലും ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.അടിയന്തരമായി സ്ഥിരം പരിഹാരം കണ്ടെത്തി പൊതുജനാരോഗ്യം സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed