Last Updated on 17 Jul 2026 • 2:30 PM by Openzone Online

ചെറുതോണി :ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി ജില്ലാ പഞ്ചായത്ത്. മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾ തമ്മിൽ രോഗികളുടെ യാത്ര സുഗമമാക്കുന്നതിനായി ബഗ്ഗി കാർ സേവനം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങൾ രണ്ട് ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്. ഒരു വിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് എത്താൻ രോഗികൾക്ക് ഏകദേശം 500 മീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ടിവരുന്നു. പ്രായമായവർക്കും അവശരായ രോഗികൾക്കും ഒരേ ദിവസം പലതവണ ഈ ദൂരം നടക്കേണ്ട സാഹചര്യം വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി നിരന്തരം പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ആവശ്യമായ തുക വകയിരുത്തി ബഗ്ഗി കാർ സേവനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ വ്യക്തമാക്കി.

മെഡിക്കൽ കോളേജിന്റെ പ്രധാന കവാടമായ ചെറുതോണി–പൈനാവ് റോഡിൽ ബസിറങ്ങുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി കെട്ടിടങ്ങളിലേക്ക് എത്തിച്ചേരുന്നത് നിലവിൽ ഏറെ പ്രയാസകരമാണ്. പുതിയ ബഗ്ഗി കാർ സേവനം ആരംഭിക്കുന്നതോടെ ആശുപത്രി പരിസരത്തെ യാത്ര കൂടുതൽ സൗകര്യപ്രദമാകുകയും രോഗികൾക്ക് വലിയ ആശ്വാസമാകുകയും ചെയ്യും. ആരോഗ്യ സേവനങ്ങൾ കൂടുതൽ രോഗിസൗഹൃദമാക്കുന്ന നടപടിയായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

