Last Updated on 10 Jun 2026 • 1:22 PM by Openzone Online

ചെറുതോണി: 2018-ലെ ഉരുൾപൊട്ടലിൽ ആറോളം പേർ മരണമടഞ്ഞ പെരുങ്കാലാ മേഖലയിൽ കാലവർഷം ശക്തമായതോടെ മലഞ്ചെരുവുകളിൽ അനധികൃതമായി നിർമ്മിച്ച പടുതാക്കുളങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കുന്നു. കീഴ്ക്കാതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങളാണ് നിർമ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആദിവാസി മേഖലയായ പെരുങ്കാലായിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന ഈ പടുതാക്കുളങ്ങൾക്കെതിരെ പ്രദേശവാസികളും ആദിവാസി കുടുംബങ്ങളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മണ്ണൊലിപ്പ് കൂടുതലുള്ളതും മണ്ണിന് ഉറപ്പ് കുറവുള്ളതുമായ കുത്തനെയുള്ള ചരിവുകളിലാണ് വൻതോതിൽ വെള്ളം സംഭരിക്കാൻ കഴിയുന്ന രീതിയിൽ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.നിർമ്മിച്ചിട്ടുള്ള ചില പടുതാക്കുളങ്ങളിൽ സംരക്ഷണത്തിനായി പടുത വിരിച്ചിട്ടില്ലെന്നും മഴവെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു.

ഇതുമൂലം മണ്ണിന്റെ ജലാംശം വർധിച്ച് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുമെന്നാണ് ആശങ്ക. ശക്തമായ മഴ ലഭിച്ചാൽ കുളങ്ങൾ അതിവേഗം നിറയുകയും, സംഭരിക്കപ്പെടുന്ന വലിയ അളവിലുള്ള ജലത്തിന്റെ സമ്മർദ്ദം താങ്ങാൻ മലഞ്ചെരിവുകൾക്ക് കഴിയാതെ വരികയും ചെയ്താൽ ദുരന്തസാധ്യത വർധിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.പൈനാവ്–താന്നിക്കണ്ടം–അശോക കവല ഹൈവേയ്ക്ക് മുകളിലുള്ള മലഞ്ചെരുവുകളിലും പൈനാവ്–പെരുങ്കാലാ–ആനക്കൊമ്പൻ റോഡിന് മുകളിലുമാണ് പ്രധാനമായും ഇത്തരം പടുതാക്കുളങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞെങ്കിലും മഴ ശക്തമായാൽ വീണ്ടും അത് നിറയുമെന്നാണ് ആശങ്ക.2018-ലെ ദുരന്തം ഉൾപ്പെടെ കനത്ത മഴ ലഭിക്കുന്ന വർഷങ്ങളിലെല്ലാം ഈ മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് രാത്രി യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് മാത്രമല്ല, അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം നിർമ്മാണങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
