Last Updated on 31 Mar 2026 • 8:40 AM by Openzone Online

ഇടുക്കി കാമാക്ഷി പുഷ്പഗിരി സ്വദേശിയായ അധ്യാപകൻ ലിൻസ് ജോർജിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് മുൻ വിദ്യാർത്ഥി ക്രൂരമായി മർദിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു.
ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം നടന്നത്. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ലിൻസ് ജോർജിനെ ആക്രമിച്ചത്, അദ്ദേഹത്തിന്റെ മുൻ വിദ്യാർത്ഥിയായ പുഷ്പഗിരി സ്വദേശി മാക്കൽ ശരത് ശശിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ശരത്തും സുഹൃത്തും ബൈക്കിൽ ലിൻസിൻ്റെ വീട്ടിലെത്തി, വീടിനുള്ളിലുണ്ടായിരുന്ന അധ്യാപകനെ പുറത്തേക്ക് വിളിച്ചിറക്കി മർദിച്ചതായാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിൻസ് ജോർജിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയായ ശരത്തുമായി ഇതുവരെ സംസാരിക്കാൻ പോലീസിനോ മറ്റാര്ക്കും സാധിച്ചിട്ടില്ലെന്നാണ് വിവരം.ഇരുവരും അയൽവാസികളാണെന്നും, മുൻപും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാകാം ആക്രമണത്തിന് പിന്നിലെന്നും ചിലർ സംശയിക്കുന്നു.അതേസമയം, വിദ്യാർത്ഥിയെ വഴക്കുപറഞ്ഞതിന് പ്രതികാരമായി ആക്രമണം എന്ന ആരോപണം കേസിന് ബലം നൽകുന്നതിനായി ഉന്നയിച്ചതാകാമെന്ന തരത്തിലുള്ള ചർച്ചകളും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ വിഷയങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
