Last Updated on 21 Oct 2026 • 8:34 AM by Openzone Online

Advertisement

ഇടുക്കി: വിജയദശമിയോടനുബന്ധിച്ച് വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഹരികൃഷ്ണൻ എസ്., ദേവിക ബാലഗോപാൽ എന്നിവർക്കൊപ്പം ഡോക്ടർ പി. സി. രവീന്ദ്രനാഥും കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി.

നവരാത്രി മഹോത്സവത്തിന്റെയും വിജയദശമിയുടെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുരുന്നുകളുടെ നാവിൽ ഹരിശ്രീ കുറിച്ചും കൈപിടിച്ച് ആദ്യാക്ഷരം എഴുതിച്ചും അറിവിന്റെ ലോകത്തേക്ക് അവരെ ആനയിച്ചു. ഇടുക്കി ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ഇത്തവണയും മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്.

അറിവിന്റെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ആചരിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്നത് കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന നിമിഷമായാണ് കുടുംബങ്ങൾ കാണുന്നത്. ക്ഷേത്രം മേൽശാന്തി വിമൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നവരാത്രി മഹോത്സവവും വിജയദശമി പൂജകളും നടന്നു. പൂജവെപ്പ് ചടങ്ങുകളോടെ ആരംഭിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും സംഘടിപ്പിച്ചിരുന്നു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി. എ. ആനന്ദകുമാർ, സെക്രട്ടറി എസ്. അജിത് കുമാർ, ഖജാൻജി സുരേന്ദ്രൻ പാറയിൽ, ക്ഷേത്ര ഭാരവാഹികളായ പി. എൻ. സതീശൻ, പി. കെ. ജയൻ, എ. ആർ. രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed