Last Updated on 18 Sep 2026 • 3:16 PM by Openzone Online

വണ്ടിപ്പെരിയാർ: ടൗണിലെ കടയിൽ നിന്ന് 15,750 രൂപ വിലവരുന്ന അഞ്ച് കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്ന രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശികളായ കാട്ടിക്കുന്നേൽ വീട്ടിൽ അബിദാലി കെ (44), വലിയാട്ട് വീട്ടിൽ മുഹമ്മദ് ഡി. ഷെഹിൻ വി (21) എന്നിവരെയാണ് കുമളി പോലീസിന്റെ സഹായത്തോടെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.
സെപ്റ്റംബർ 9ന് വൈകിട്ട് വണ്ടിപ്പെരിയാർ ടൗണിലെ നാസ്കോ സ്പൈസസ് എന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ അഞ്ച് കിലോ ഉണക്ക ഏലക്ക ആവശ്യപ്പെട്ടു. വില പറഞ്ഞതിനെ തുടർന്ന് കടയുടമ ഏലക്ക പ്ലാസ്റ്റിക് ചാക്കിൽ കെട്ടുന്നതിനിടെ പണം നൽകാതെ ഏലക്കയുമായി ബൈക്കിൽ കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെ തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കുമളി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മാരിയപ്പൻ, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എതിർദിശയിൽ ബൈക്കിൽ എത്തിയവരെ തിരിച്ചറിഞ്ഞ് പിന്തുടർന്നു.

തുടർന്ന് കുമളി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ സബ് ഇൻസ്‌പെക്ടർ സലീം രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിന്നീട് പ്രതികളെ വണ്ടിപ്പെരിയാർ പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.


