Last Updated on 19 Sep 2026 • 5:17 AM by Openzone Online

Advertisement

വാഗമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടരുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തെന്നാരോപിച്ച് വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വട്ടപ്പതാൽ സ്വദേശിയായ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഇടുക്കി പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി നോബിൾ ഡി.എസ്. ആണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.2025 മേയ് ഏഴിന് എലപ്പാറയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടശേഷം മൊബൈൽ ഫോണിലൂടെയും സാമൂഹികമാധ്യമത്തിലൂടെയും ബന്ധപ്പെടുകയും, പെൺകുട്ടിക്ക് മൊബൈൽ ഫോണും ചോക്ലേറ്റും നൽകുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11(4), 12 വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ പിന്തുടർന്ന് ശല്യപ്പെടുത്തൽ സംബന്ധിച്ച 78(1)(i), 78(2) വകുപ്പുകൾക്കും കീഴിലായിരുന്നു കുറ്റം ചുമത്തിയിരുന്നത്.സംഭവസമയത്ത് പെൺകുട്ടിക്ക് 15 വയസും ഒരു മാസത്തിലധികം പ്രായവുമുണ്ടായിരുന്നുവെന്ന് ജനനരേഖ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് കോടതി കണ്ടെത്തി.

അതിനാൽ പെൺകുട്ടി പോക്സോ നിയമത്തിലെ നിർവചനപ്രകാരം കുട്ടിയാണെന്ന കാര്യത്തിൽ കോടതിക്ക് സംശയമുണ്ടായില്ല.എന്നാൽ പ്രതിക്ക് ലൈംഗിക ഉദ്ദേശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. പ്രധാന സാക്ഷിയായ പെൺകുട്ടിയുടെ വിവിധ ഘട്ടങ്ങളിലെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നും കോടതി കണ്ടെത്തി.

പ്രതി താൽപര്യമില്ലെന്ന് പെൺകുട്ടി വ്യക്തമായി അറിയിച്ച ശേഷവും ആവർത്തിച്ച് ബന്ധപ്പെടുകയും പിന്തുടരുകയും ചെയ്തുവെന്ന ആരോപണവും ആവശ്യമായ തെളിവുകളിലൂടെ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്രമായ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷന് കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബേബിച്ചൻ വി. ജോർജ്, മാത്യുസ് പൂന്തുരുത്തിൽ എന്നിവർ ഹാജരായി

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed