Last Updated on 21 Sep 2026 • 6:41 AM by Openzone Online

Advertisement

പത്തനംതിട്ട: പള്ളി സെമിത്തേരികളിലെ കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ പോലും മോഷ്ടിച്ച മൂന്നംഗ സംഘം കീഴ്വായ്പൂര്‍ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളിയിലെ വിവിധ പള്ളി സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച കേസിലാണ് മലയാളി സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുര്‍ജിത്ത് ബർമ്മാൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

പള്ളികളിൽ ഗ്രാനൈറ്റ് സ്ഥാപിക്കുന്ന ജോലിക്കാരായിരുന്നു പ്രതികൾ. ഈ ജോലിയുടെ മറവിലായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഗ്രാനൈറ്റ് സ്ഥാപിക്കുമ്പോൾ സിമന്റും ഗ്രൗട്ടും കുറച്ച് ഉപയോഗിച്ച് സ്ലാബുകൾ പിന്നീട് എളുപ്പത്തിൽ ഇളക്കിയെടുക്കാൻ കഴിയുന്ന രീതിയിൽ സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

തുടർന്ന് മറ്റ് പള്ളികളിൽ ഗ്രാനൈറ്റ് ജോലികൾ ലഭിക്കുമ്പോൾ രാത്രിയിൽ പഴയ സെമിത്തേരികളിലെത്തി സ്ലാബുകൾ ഇളക്കിയെടുത്ത് പുതിയ സ്ഥലത്ത് സ്ഥാപിച്ച് പണം വാങ്ങുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. ഗ്രാനൈറ്റിന്റെ വില വർധിച്ചതും ലഭ്യത കുറഞ്ഞതുമാണ് മോഷണത്തിന് കാരണമായതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.

സെമിത്തേരികളിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. അതിനിടെ, സംഘത്തിലൊരാൾ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസിന്റെ കസ്റ്റഡിയിലായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇയാളെ വിട്ടയക്കാൻ മറ്റുള്ളവർ എത്താതിരുന്നതിനെ തുടർന്ന് പോലീസിന് സംശയം തോന്നുകയും ഇവരുടെ താമസസ്ഥലത്ത് പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിലാണ് മല്ലപ്പള്ളിയിലെ പള്ളി സെമിത്തേരികളിൽ നടത്തിയ ഗ്രാനൈറ്റ് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ മോഷണങ്ങൾ നടന്നിട്ടുണ്ടോയെന്നും സംഘം മോഷ്ടിച്ച ഗ്രാനൈറ്റ് എവിടെയെല്ലാം ഉപയോഗിച്ചുവെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed