Last Updated on 02 Oct 2026 • 3:02 PM by Openzone Online

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ഇതുവരെ 24,567.551 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രാമിന് ഏകദേശം 5,000 രൂപ എന്ന നിരക്ക് അടിസ്ഥാനമാക്കിയുള്ള കണക്കിൽ ഇതിന് 12.28 കോടി രൂപയിലധികം അനധികൃത വിപണി വില വരും.
ജൂൺ 2ന് ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 12,816 പേരെ അറസ്റ്റ് ചെയ്യുകയും 11,880 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
എം.ഡി.എം.എയ്ക്ക് പുറമെ 1,611.274 കിലോഗ്രാം കഞ്ചാവ്, 536.258 ഗ്രാം മെത്താഫെറ്റമിൻ, 5,724.042 ഗ്രാം ഹാഷിഷ് ഓയിൽ, 773.949 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 51 കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്തു. സ്മാൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി വിഭാഗത്തിൽ നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി വിഭാഗത്തിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു.
എൻ.ഡി.പി.എസ് ആക്ട് പ്രകാരം 31 കേസുകളും കോട്പ നിയമപ്രകാരം 29 കേസുകളും രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മാത്രം 79.520 ഗ്രാം എം.ഡി.എം.എ, 6.073 കിലോഗ്രാം കഞ്ചാവ്, 164 ഗ്രാം മെത്താഫെറ്റമിൻ, 1.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.87 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു.
ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളും ഓപ്പറേഷന്റെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 10,727 ബോധവത്ക്കരണ ക്ലാസുകളും 864 കൗൺസിലിങ്ങുകളും നടത്തി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,635 ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു.
ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും പോലീസിനെ അറിയിക്കാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.

