Last Updated on 11 Jul 2026 • 11:11 AM by Openzone Online

ഹൈറേഞ്ചിൽ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. മണിയാറൻകുടി എയ്ഞ്ചൽ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചെസ്, ക്യാരംസ്, പ്ലേയിംഗ് കാർഡ്, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾക്കൊപ്പം ഓണപ്പാട്ട്, മാവേലി മത്സരം ഉൾപ്പെടെ നിരവധി കലാ-സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് അവാർഡുകൾ ഉൾപ്പെടെ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.ഇടുക്കി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

മൊബൈൽ ഫോണുകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ആളുകളെ ഒരുമിപ്പിച്ച് പരമ്പരാഗത ഓണാഘോഷങ്ങൾക്ക് വേദിയൊരുക്കുന്ന എയ്ഞ്ചൽ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ജോർജ് വൈപ്പൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായ സിജി ചാക്കോ, സിബി മത്തായി , രവി എസ്., സജി തോമസ്, ജിജോ ടി. ഐസക്, ബിനോയി വി.ആർ., ആൽബിൻ ജോസ് എന്നിവർ സംസാരിച്ചു.
