Last Updated on 31 Aug 2026 • 6:27 AM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് സമാപനം. സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറുതോണിയിൽ സംഘാടക സമിതി നയനമനോഹരമായ ഘോഷയാത്ര സംഘടിപ്പിക്കും.ചെണ്ടമേളം, നാസിക് ഡോൾ, വിവിധ നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും.
ഇടുക്കി എം.എൽ.എ. അധ്യക്ഷനാകും. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് ആറിന് കൊച്ചിൻ ഗോൾഡൻ ബീറ്റ്സിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും. ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന പരിപാടികളിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

