Last Updated on 15 Oct 2026 • 7:29 AM by Openzone Online

ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. റിട്ടയേഡ് സബ് ഇൻസ്പെക്ടർ സാബുവിന്റെ മകളാണ് നോവ.
ജർമ്മനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി എന്നിവരുൾപ്പെടെ മൂന്ന് മലയാളികളാണ് തീപിടിത്തത്തിൽ മരിച്ചത്.
മൂന്ന് മാസം മുൻപാണ് നോവ ജോലിക്കായി ജർമ്മനിയിലെത്തിയത്.കൊല്ലപ്പെട്ട അഞ്ജലി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ജലിയെ കാണാനെത്തിയതായിരുന്നു നോവ. ഈ സമയത്താണ് ദുരന്തമുണ്ടായത്.
തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നും കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

