Last Updated on 14 Nov 2026 • 3:19 AM by Openzone Online

Advertisement

മൂന്നാർ: മൂന്നാർ ടൗണിലെ നടപ്പാതകൾ കൈയേറിയുള്ള വഴിയോര കച്ചവടങ്ങൾ ഉൾപ്പെടെ മുഴുവൻ പാതയോര കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മരയ്ക്കാർ ബിൽഡിങ്ങിന് മുൻവശത്ത് കച്ചവടം നടത്തുന്ന 14 പേർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നിർണായക ഉത്തരവ്.

മരയ്ക്കാർ ബിൽഡിങ്, ജി.എച്ച് റോഡ്, മൂന്നാർ മാർക്കറ്റ്, മാട്ടുപ്പെട്ടി റോഡ്, പഴയ മൂന്നാർ, ആർ.ഒ കവല, പോസ്റ്റ് ഓഫീസ് കവല തുടങ്ങിയ സ്ഥലങ്ങളിലെ 30 വഴിയോര കച്ചവടക്കാർക്കാണ് പഞ്ചായത്ത് നേരത്തെ ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിരുന്നത്.

എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതെന്ന് ആരോപിച്ച് മരയ്ക്കാർ ബിൽഡിങ്ങിന് മുന്നിൽ കച്ചവടം നടത്തുന്ന 14 പേർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഹർജിക്കാരുടെ വാദം കേട്ട് റിപ്പോർട്ട് സമർപ്പിച്ചു.

കൈയേറ്റത്തിന് അനുകൂലമായ രേഖകളൊന്നും ഹർജിക്കാർക്ക് ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശിച്ചത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എ. റംഷാദ് അറിയിച്ചു. സ്വമേധയാ ഒഴിഞ്ഞുപോകാത്തവരുടെ കച്ചവട സാമഗ്രികൾ പിടിച്ചെടുത്ത് കോടതി വിധി നടപ്പാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *