Last Updated on 12 May 2026 • 2:20 PM by Openzone Online

ഇടുക്കി: കുട്ടികളുടെ സുരക്ഷയിൽ അശ്രദ്ധ വേണ്ട സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും പല മാതാപിതാക്കളും ഇപ്പോഴും അപകടത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. മലപ്പുറം മങ്കടയിൽ ഇന്നുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് കുട്ടികൾ മരിച്ചത് കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വൈകുന്നേര സമയങ്ങളിൽ ചെറിയ കുട്ടികൾ വരെ ഫുട്ബോൾ കളിക്കാനും തുറസായ ഇടങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടാനും പോകുന്ന കാഴ്ചകൾ ഇപ്പോഴും സാധാരണമാണ്.

പ്രത്യേകിച്ച് ഇടുക്കി പോലുള്ള മലയോര മേഖലകളിൽ ഇടിമിന്നൽ ശക്തമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ച അനുഭവങ്ങൾ നിരവധിയാണ്. തൊഴുത്തിലെ പശുക്കൾ ചത്ത സംഭവങ്ങൾ, വീടുകളുടെ വയറിംഗ് കത്തിനശിച്ചത്, കോൺക്രീറ്റ് മുറ്റങ്ങളും ടൈലുകളും പൊട്ടിത്തെറിച്ചത് വരെ നാട്ടുകാർ നേരിട്ട് കണ്ടതാണ്. എന്നിട്ടും മഴയും ഇടിമിന്നലും ഉള്ള സമയങ്ങളിൽ കുട്ടികളെ പുറത്തേക്ക് അയക്കുന്നതിൽ പലരും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്, സുരക്ഷയെക്കുറിച്ച് കുട്ടികളെ ഉപദേശിക്കാൻ ശ്രമിക്കുന്നവരെ പോലും ചിലപ്പോൾ പരിഹസിക്കുകയോ എതിർക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.

എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ പോലും ഒരു കുടുംബത്തിന്റെ ജീവിതം മുഴുവൻ ദുഃഖത്തിലാക്കാൻ മതിയെന്ന തിരിച്ചറിവ് പലരും വിസ്മരിക്കുകയാണോ എന്ന് സംശയിച്ചു പോകുന്നു.
ഇടിമിന്നൽ സമയത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഇടിമിന്നൽ ഉള്ള സമയങ്ങളിൽ കുട്ടികളെ തുറസായ മൈതാനങ്ങളിലേക്കോ കളിസ്ഥലങ്ങളിലേക്കോ അയക്കരുത്.
മഴ കുറവാണെങ്കിലും ഇടിയും മിന്നലും ഉണ്ടെങ്കിൽ പുറത്തു കളിക്കുന്നത് ഒഴിവാക്കണം.
മരച്ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്.
മൊബൈൽ ചാർജിംഗ്, വയർ കണക്ഷനുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
വീടിനുള്ളിൽ ഇരിക്കുമ്പോൾ ജനൽ, വാതിൽ ഭാഗങ്ങളിൽ നിന്ന് മാറിനിൽക്കുക.
പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുക.
കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും കുട്ടികൾക്ക് അപകടസാധ്യത മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക. മഴ ഒരു വിനോദമാകാം… പക്ഷേ ഇടിമിന്നൽ ഒരു കളിയല്ല. ഒരു നിമിഷത്തെ അശ്രദ്ധ പല ജീവനുകളും കവർന്നേക്കാം.

