Last Updated on 23 Jun 2026 • 3:10 AM by Openzone Online

കൊട്ടാരക്കര: ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് സംസ്ഥാനത്തെ നടുക്കിയ ദാരുണ അപകടം നടന്നത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ,മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് സ്റ്റോപ്പ് തകർത്ത ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയും മണ്ണിനും വാഹനത്തിനും അടിയിൽ നിരവധി പേർ അകപ്പെടുകയും ചെയ്തു. അപകടത്തിൽപ്പെട്ട നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബൈക്കും ടിപ്പറിനടിയിൽപ്പെട്ടു. സംഭവമറിഞ്ഞ ഉടൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണും ലോറിയും മാറ്റിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകുന്നുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
