Last Updated on 26 Oct 2026 • 12:31 PM by Openzone Online

Advertisement

കരിമ്പൻ: പഠനത്തോടൊപ്പം പ്രായോഗിക അറിവുകളും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കരിമ്പൻ ഗവ. എൽ.പി. സ്കൂളിലെ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠനസന്ദർശനത്തിന്റെ ഭാഗമായി ചെറുതോണി പോലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും സന്ദർശിച്ചു.

ഒക്ടോബർ 26-ന് നടന്ന സന്ദർശനം കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായി.പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഐ. ശ്യാമിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പോലീസിന്റെ പ്രവർത്തനങ്ങളും സ്റ്റേഷന്റെ ദൈനംദിന നടപടികളും പരിചയപ്പെടുത്തി. ലാത്തി, ഷീൽഡ്, തോക്ക്, കൈവിലങ്ങ് തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ചും പോലീസ് സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

നിയമപാലനത്തിന്റെ പ്രാധാന്യവും സമൂഹത്തിൽ പോലീസിന്റെ ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാൻ സന്ദർശനം കുട്ടികൾക്ക് അവസരമായി.തുടർന്ന് ചെറുതോണി പോസ്റ്റ് ഓഫീസ് സന്ദർശിച്ച വിദ്യാർഥികൾ കത്തുകൾ അയയ്ക്കുന്ന രീതി, തപാൽ സ്റ്റാമ്പുകൾ, പോസ്റ്റ് കാർഡുകൾ, വിവിധ തപാൽ സേവനങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. തപാൽ സംവിധാനത്തിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും പരിചയപ്പെട്ടത് കുട്ടികളുടെ അറിവിന് മുതൽക്കൂട്ടായി.

പോലീസ് സ്റ്റേഷനിലെയും പോസ്റ്റ് ഓഫീസിലെയും ജീവനക്കാർ കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുരുവിള, പി.ടി.എ. പ്രസിഡന്റ് അനീഷ് ഉദയപ്പൻ, രക്ഷിതാക്കൾ എന്നിവർ പഠനസന്ദർശനത്തിന് നേതൃത്വം നൽകി. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവുകൾ നേരിട്ടുള്ള അനുഭവങ്ങളിലൂടെ നേടാൻ വിദ്യാർഥികൾക്ക് ഈ സന്ദർശനം സഹായകമായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *