Last Updated on 16 Nov 2026 • 5:36 AM by Openzone Online

ജെസിഐ ഇടുക്കി ഗ്രീൻ സിറ്റിയുടെ പതിനെട്ടാമത് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും വാഴത്തോപ്പിൽ നടന്നു. പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു.
ജെസി അനീഷ് മാത്യു പ്രസിഡന്റായും മറ്റ് ഭരണസമിതി അംഗങ്ങളും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. എടിഎം മിനി കെ. ജോൺ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു.

കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ പൂവിട്ട് പൂജിക്കേണ്ടവരാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. അവർ ചെയ്യുന്ന സേവനങ്ങൾ എല്ലാവർക്കും ഏറ്റെടുക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹമന്ദിരത്തിൽ വർഷങ്ങളായി ഗുരുതര രോഗങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കായി സ്വന്തം ജീവിതം സമർപ്പിച്ച ബ്രദർ വി.സി. രാജുവിന്റെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ചടങ്ങിൽ ബ്രദർ വി.സി. രാജുവിന് എംഎൽഎ കാരുണ്യ സ്പർശം അവാർഡ് സമ്മാനിച്ചു. ജെസിഐ പോലുള്ള സംഘടനകൾ കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വരും 25 വർഷക്കാലത്തെ ഇടുക്കിയുടെ വികസനവും ഭാവിയും മുന്നിൽക്കണ്ട് ഓരോരുത്തരും പ്രവർത്തിക്കണമെന്നും എംഎൽഎ ഓർമിപ്പിച്ചു.
സോൺ പ്രസിഡന്റ് ജെഎഫ്ഡി എബിൻ ബോസ്, വൈസ് പ്രസിഡന്റ് ജെസി ബോബിഷ് വി.പി., സോൺ ഡയറക്ടർ മാനേജ്മെന്റ് രഞ്ജിത്ത് പി. ലൂക്കോസ്, എബി ജെയിംസ്, ബ്രീസ് ജോയ്, ജോജോ കുമ്പളന്താനം, ഡോ. ലിജോ ജോസഫ്, ജിജോ കരുവേലിൽ, മനു ഗോപിനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിയ നിക്സൺ, മാത്യൂസ് അനീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

