Last Updated on 11 Nov 2026 • 2:24 PM by Openzone Online

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പുഴകളിലും ഡാമുകളിലും വർഷങ്ങളായി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ മണൽ നീക്കം ചെയ്യുന്നതിനുള്ള അനുമതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികൾ ഇനിയും കാര്യക്ഷമമായിട്ടില്ല.
ജലസംഭരണികളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിനും പുഴകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും അടിയന്തരമായി മണൽ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
ജില്ലയിലെ ഡാമുകളിലും പുഴകളിലും വർഷങ്ങളായി മണ്ണും മണലും അടിഞ്ഞുകൂടുന്നത് ജലസംഭരണശേഷി കുറയാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
മഴക്കാലത്ത് ശക്തമായ നീരൊഴുക്കിനൊപ്പം മണ്ണും മണലും വലിയ തോതിൽ ഒഴുകിയെത്തി ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. കാലക്രമേണ ഇവ അടിഞ്ഞുകൂടുന്നത് ജലസംഭരണികളുടെ ശേഷിയെ ബാധിക്കുന്നതിനൊപ്പം പുഴകളിലെ സ്വാഭാവിക നീരൊഴുക്കിനും തടസ്സമാകുന്നുണ്ട്.
മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി വേഗത്തിലാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ കെ. ബുൾബേന്ദ്രൻ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പുഴകളിലും ഡാമുകളിലും മണൽ നിക്ഷേപം വ്യാപകമാണെന്നാണ് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയമായ രീതിയിൽ മണൽ നീക്കം ചെയ്താൽ ജലസംഭരണശേഷി വർധിപ്പിക്കാനും പുഴകളിലെ നീരൊഴുക്ക് മെച്ചപ്പെടുത്താനും കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
എന്നാൽ മണൽ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിക്ക് ആഘാതമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടികൾ സ്വീകരിക്കാവൂ എന്നും വിദഗ്ധർ നിർദേശിക്കുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

