Last Updated on 13 Nov 2026 • 5:42 AM by Openzone Online

ചെറുതോണി: ഇടുക്കി ജില്ല ഇന്ന് നേരിടുന്ന നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണനയങ്ങളാണെന്ന് ഇടുക്കി എം.പി.
അഡ്വ. ഡീൻ കുര്യാക്കോസ്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സംരക്ഷകരെന്ന് അവകാശപ്പെട്ടവർ തന്നെ ഹൈറേഞ്ചിലെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാണ നിരോധനവും വിവിധ ഭൂപ്രശ്നങ്ങളും മൂലം ഇടുക്കിയിലെ ജനങ്ങളുടെ ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയിലെ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളും നിലപാടുകളുമാണ് കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് ഉണ്ടായത്.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെ അവരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നടപടികൾ സ്വീകരിച്ചുവെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിൽ ആനിക്കനാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, അസംഘടിത തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.പി. ഉസ്മാൻ, ഡി.സി.സി സെക്രട്ടറി അഡ്വ. കെ.ബി. സെൽവം എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ്, ഡി.കെ.ടി.എഫ് നേതാക്കളായ ജോയ് മൈലാടി, കെ.എസ്. വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോബി ചാലിൽ, സി.പി. സലിം, ജോബി തയ്യിൽ, യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, പി.ഡി. ജോസഫ്, അനുഷൽ ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും പരിപാടിയുടെ ഭാഗമായി നടന്നു.

