Last Updated on 13 May 2026 • 10:25 AM by Openzone Online

ചെറുതോണി :കൊടും വേനലിൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാലത്താണ് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ 15 വാർഡുകളിലുമെത്തുന്ന കുടിവെള്ള വിതരണ പദ്ധതി ഇന്ന് ജനങ്ങൾക്ക് ആശ്വാസമാത്രമല്ല, ജനകീയ ഭരണത്തിന്റെ മികച്ച ഉദാഹരണവുമാണ്.

പാതിരാത്രി കടന്നും തുടരുന്ന കുടിവെള്ള വിതരണം സാധാരണ സേവനപ്രവർത്തനമല്ല; ഓരോ വീട്ടിലേക്കും വെള്ളം ഉറപ്പാക്കണമെന്ന ഉത്തരവാദിത്തബോധത്തിന്റെ തെളിവാണ്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ ടെൻഡർ നടപടികളിലേക്ക് പോകാനാകാത്ത സാഹചര്യത്തിലും, പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മരിയ കൺസ്ട്രക്ഷൻസ് മുഖേനയാണ് വിതരണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നത്. മുൻകാലങ്ങളിൽ വെള്ളം വിതരണം നടന്നിരുന്നുവെങ്കിലും ജനങ്ങൾക്ക് ആവശ്യമായ അളവിൽ വെള്ളം ലഭിക്കാത്ത പരാതികൾ പതിവായിരുന്നു. എന്നാൽ ഇത്തവണ ചിത്രം പൂർണമായും മാറി. ശക്തമായ വേനൽച്ചൂടിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ വെള്ളം ഉറപ്പാക്കണമെന്ന സമീപനമാണ് പദ്ധതിയെ ജനകീയമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വൈസ് പ്രസിഡന്റ് സെലിൻ വിൻസെന്റ് എന്നിവർ വ്യക്തമാക്കുന്നതനുസരിച്ച്, മഴക്കാലത്ത് കിണറുകളിൽ വെള്ളം ലഭ്യമാകുന്നതുവരെ പദ്ധതി തുടരും. പദ്ധതിയുടെ വിജയത്തിന് പിന്നിൽ വിതരണ സംഘത്തിന്റെ ആത്മാർത്ഥതയും വലിയ പങ്കുവഹിക്കുന്നു. ഓരോ പ്രദേശത്തും വെള്ളം എത്തിച്ച് ഉറപ്പുവരുത്തുമ്പോഴേക്കും പല ദിവസങ്ങളിലും രാത്രി ഒരു മണി പിന്നിടാറുണ്ട്. എന്നാൽ ഒരു വീടുപോലും വെള്ളമില്ലാതെ ബാക്കി വെക്കാതെ മാത്രമാണ് അവർ മടങ്ങുന്നത്. അതുകൊണ്ടുതന്നെ, ഇതുവരെ ഒരു വാർഡിൽ നിന്നുപോലും വലിയ പരാതികൾ ഉയർന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ജനങ്ങൾ ആവശ്യപ്പെടുന്നതിന് മുമ്പ് അവരുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ ഭരണകൂടത്തിന് ലഭിക്കുന്ന പിന്തുണ എത്ര ശക്തമാണെന്നതിന്റെ സൂചന കൂടിയാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ ഈ പ്രവർത്തനം.
