Last Updated on 03 Nov 2026 • 8:26 AM by Openzone Online

Advertisement

ചെറുതോണി: കാലങ്ങളായി തകർന്നുകിടന്ന ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് ടൈൽ പാകി നവീകരിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് പുനർനിർമിച്ചത്. റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിപ്പിക്കുന്നതിന് മുൻകൈയെടുത്ത മുൻ പത്താം വാർഡ് പഞ്ചായത്ത് അംഗം നിമ്മി ജയൻ തന്നെ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചതും ശ്രദ്ധേയമായി.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിമ്മി ജയൻ വാർഡ് അംഗമായിരിക്കെയാണ് റോഡ് നവീകരണത്തിനായി മെയിന്റനൻസ് ഗ്രാന്റ് ഫണ്ടിൽ പദ്ധതി തയ്യാറാക്കി അനുമതി നേടിയത്. എന്നാൽ പദ്ധതി അംഗീകരിച്ചിട്ടും പ്രവൃത്തി ആരംഭിക്കാതെ നീണ്ടുപോവുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും നവീകരണം വൈകുന്നതും സംബന്ധിച്ച് ഓപ്പൺ സോൺ വാർത്ത നൽകി.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുതിയ വാർഡ് അംഗം നൗഷാദ് ടി.ഇയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണം ആരംഭിക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തി. അവശേഷിച്ച ഭാഗത്ത് ടൈൽ പാകിയതോടെയാണ് നവീകരണം പൂർത്തിയായത്. ചെറുതോണി സ്റ്റോറേജ് ബിൽഡിങ്ങിന് മുന്നിൽനിന്ന് പോസ്റ്റ് ഓഫീസ് വഴി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് കടന്നുപോകുന്ന പ്രധാന റോഡാണിത്.റോഡിനായി ഫണ്ട് അനുവദിപ്പിക്കുന്നതിന് മുൻകൈയെടുത്ത മുൻ പഞ്ചായത്ത് അംഗം നിമ്മി ജയനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും അവർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പുതിയ വാർഡ് അംഗം നൗഷാദ് മുൻ അംഗത്തിന് ഉദ്ഘാടനച്ചടങ്ങിൽ അവസരം നൽകിയതും ശ്രദ്ധേയമായി.

വാർഡ് മെമ്പർ നൗഷാദ് ടി.ഇ, വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാരി വ്യവസായി സമിതി ചെറുതോണി യൂണിറ്റ് വൈസ് പ്രസിഡന്റ് ബിജു മട്ടയ്ക്കൽ, അഡ്വ. അനീഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *