Last Updated on 28 Aug 2026 • 1:37 PM by Openzone Online

ചെറുതോണി: പീതപതാകകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ നടന്ന ചതയദിന ഘോഷയാത്രയോടെ ചെറുതോണി ടൗൺ ഗുരുദേവസ്മരണകളാൽ മുഖരിതമായി. ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി താന്നിക്കണ്ടം, പൈനാവ് മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളാണ് വഞ്ചിക്കവലയിൽ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ചെറുതോണി ടൗണിലേക്ക് നീങ്ങിയത്.
പൈനാവ് ശാഖ 2342-ന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. രണ്ടു മേഖലകളിൽ നിന്നായി പുറപ്പെട്ട ഘോഷയാത്രകൾ വഞ്ചിക്കവലയിൽ സംഗമിച്ചതിന് ശേഷം പീതപതാകകളും ഗുരുദേവ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുതോണിയിലേക്ക് നീങ്ങി.
ഗുരുദേവ ജയന്തിയുടെ ആവേശം നിറച്ച ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. പീതവർണത്തിന്റെ ശോഭയും വാദ്യമേളങ്ങളുടെ താളവും ഗുരുദേവസ്മരണകളും നിറഞ്ഞ ഘോഷയാത്ര ചെറുതോണി ടൗണിൽ ശ്രദ്ധേയമായി. ഭാരവാഹികളായ റ്റി. ബി മോഹനൻ ട, വിജയൻ പുത്തൻപുരയ്ക്കൽ, ഡോ. ഷീല കമലാദരൻ, എസ്. അജിത് കുമാർ, പി.എൻ. സതീശൻ, റ്റി സി രാജു, അർച്ചന അനി, ശ്രീദേവി ശ്രീനിവാസൻ, ബിന്ദു സരസൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

