Last Updated on 22 Nov 2026 • 2:39 PM by Openzone Online

Advertisement

ചെറുതോണി :വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടന്ന് പത്തുദിവസം പിന്നിട്ടിട്ടും പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മുന്നണികൾക്ക് കഴിയുന്നില്ല. യുഡിഎഫിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളാണ് തെരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

ജില്ലാ ആസ്ഥാനത്തെ പ്രധാന തദ്ദേശസ്ഥാപനങ്ങളിലൊന്നായ വാഴത്തോപ്പ് പഞ്ചായത്തിലെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പൊതുസമൂഹത്തിലും ചർച്ചയാകുകയാണ്. ഈ മാസം 12-നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ സെലിൻ വിൻസെന്റ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

(സെലിൻ വിൻസൻറ്, കഴിഞ്ഞ പന്ത്രണ്ടാം തീയതി സമർപ്പിച്ച രാജിക്കത്ത്)

രാജിയുമായി ബന്ധപ്പെട്ട് വിവിധ കാരണങ്ങളാണ് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജിയെന്ന വാദം ഒരു വിഭാഗം ഉയർത്തുമ്പോൾ, ആശാ വർക്കർ കൂടിയായ സെലിൻ വിൻസെന്റ് ജോലി സംബന്ധമായ തിരക്കുകളും ഉത്തരവാദിത്വങ്ങളും കാരണമാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് വിശദീകരിക്കുന്നത്.

എന്നാൽ രാജിയിലേക്ക് നയിച്ച യഥാർത്ഥ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പഞ്ചായത്തിൽ രണ്ട് അംഗങ്ങളാണുള്ളത്. സെലിൻ വിൻസെന്റിന്റെ രാജിക്ക് പിന്നാലെ ഇതേ പാർട്ടിയിലെ മറ്റൊരു അംഗമായ രവി സുധാകരനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന സൂചനകൾ.

എന്നാൽ രവി സുധാകരനെ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായാണ് വിവരം.ഈ സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് തന്നെ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായും സൂചനകളുണ്ട്. ഇതാണ് യുഡിഎഫിലെ തർക്കം കൂടുതൽ സങ്കീർണമാക്കുന്നത്.

ഘടകകക്ഷിക്ക് നൽകേണ്ട സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണോ അതോ സ്ഥാനവിന്യാസവുമായി ബന്ധപ്പെട്ട മറ്റ് രാഷ്ട്രീയ നീക്കങ്ങളാണോ പ്രതിസന്ധിക്ക് പിന്നിലെന്ന കാര്യത്തിലും വ്യക്തതയില്ല.വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഭരണപക്ഷത്തിനുള്ളിൽ തന്നെ ചേരിതിരിവിനും അതൃപ്തിക്കും വഴിവെച്ചതായാണ് പുറത്തുവരുന്ന വിവരം. മുന്നണിക്കുള്ളിലെ മുറുമുറുപ്പുകൾ ഇപ്പോൾ പരസ്യമായ ചർച്ചകളിലേക്ക് നീങ്ങുകയാണ്.

ജില്ലാ ആസ്ഥാനത്തെ പ്രധാന സർക്കാർ ഓഫീസുകളും ജില്ലാ ഹെഡ്ക്വാർട്ടേഴ്സും ഉൾപ്പെടുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് ഭരണപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുണ്ട്. ഇത്തരമൊരു പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയാത്തത് ഭരണപരമായ അനിശ്ചിതത്വത്തിന് ഇടയാക്കുന്നുവെന്നാണ് പൊതുജനങ്ങൾക്കിടയിലെ വിമർശനം. മുന്നണിക്കുള്ളിലെ അധികാരത്തർക്കം പരിഹരിച്ച് എത്രയും വേഗം പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

വൈസ് പ്രസിഡന്റ് കസേര ആർക്കാകും? യുഡിഎഫിലെ തർക്കം പരിഹരിക്കപ്പെടുമോ, അതോ കോൺഗ്രസ് തന്നെ സ്ഥാനം ഏറ്റെടുക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *