Last Updated on 21 Nov 2026 • 10:36 AM by Openzone Online

ചെറുതോണി: ലഹരിക്കെതിരെ കലയുടെ കരുത്തിൽ ബോധവൽക്കരണ സന്ദേശമുയർത്തി മണിയാറൻകുടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഥക് ശിൽപശാല സംഘടിപ്പിച്ചു.
കേരളത്തിൽ ആഭ്യന്തരം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ കലാകവചം തീർക്കുന്നതിനൊപ്പം ഇന്ത്യയുടെ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പിക് മാക്കെയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല. പ്രശസ്ത കഥക് നർത്തകി കുമാരി സൃഷ്ടി ജനദ്ഗർ കഥക് നൃത്തം അവതരിപ്പിച്ച് വിദ്യാർഥികൾക്ക് പരിശീലനവും നൽകി.
നൃത്താവതരണം വിദ്യാർഥികൾക്ക് വേറിട്ട ദൃശ്യാനുഭവമായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോബി ജെയ്സൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം രവി സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ആഷ്ലി എസ്. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ടി. പ്രദീപ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ പ്രീജാമോൾ നന്ദിയും പറഞ്ഞു.

